തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. മുഖാവരണം ഉപയോഗിക്കാത്തവര്‍ക്കും കൃത്യമായി ധരിക്കാത്തവര്‍ക്കും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കുമെതിരേ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്കു വരുന്നവര്‍ ഏഴുദിവസത്തില്‍ കൂടുതല്‍ കഴിയുന്നുണ്ടെങ്കില്‍ ആദ്യ ഏഴുദിവസം ക്വാറന്റൈനില്‍ കഴിയണം. എട്ടാംദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴുദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കില്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തില്‍ നേരത്തേയുള്ള മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു.

സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടംചേരല്‍ അനുവദിക്കില്ല. കടകള്‍, വാണിജ്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കില്‍ കര്‍ശനനടപടിയുണ്ടാകും.കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വ്യാഴാഴ്ച 236 കേസെടുത്തു. 57 പേരെ അറസ്റ്റുചെയ്തു. നാല് വാഹനം പിടിച്ചെടുത്തു. മുഖാവരണം ധരിക്കാത്തതിന് 862 പേര്‍ക്ക് പിഴ ചുമത്തി.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരും വോട്ടുചെയ്യാന്‍ പോയവരും പനി, ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണം എന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.