യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. സ്പെയിനില്‍ നടന്ന മത്സരത്തില്‍ ഗ്രാനഡയെ നേരിട്ട മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മന്ദഗതിയില്‍ നീങ്ങിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ കിട്ടിയ അവസരത്തില്‍ തന്നെ യുണൈറ്റഡ് ലീഡ് എടുത്തു. 31-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് യൂണൈറ്റഡിന് ലീഡ് നല്‍കിയത്. ഒരു ലോങ്ങ് പാസിലൂടെ ഗോളിന് വഴിയൊരുക്കിയതാവട്ടെ ലിന്‍ഡെലോഫും.
ആദ്യ പകുതിയില്‍ മറുപടി ഗോളിനായി ഗ്രനാഡയുടെ ഒരു ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 85-ാം മിനുട്ടില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഒരു അവസരം ഗ്രനാഡ ഗോള്‍ കീപ്പര്‍ സമര്‍ത്ഥമായി രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍ട്ടി ബ്രൂണോ ഫെര്‍ണാണ്ടസ് ലക്ഷ്യത്തില്‍ എത്തിച്ചതോടെ യുണൈറ്റഡ് വിജയം സ്വന്തമാക്കിയിരുന്നു.