യാങ്കൂണ്‍: മ്യാന്മാറില്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസിനും വിലക്ക് ഏര്‍പ്പെടുത്തി. വാര്‍ത്താവിലക്ക് കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പട്ടാള ഭരണകൂടം ബ്രോഡ്ബാന്‍ഡ് സര്‍വീസ് തടഞ്ഞു. ബ്രോഡ്ബാന്‍ഡ് നിലച്ചതോടെ ഇടയ്ക്കിടെ എങ്കിലും ലഭിച്ചിരുന്ന ഇന്റര്‍നെറ്റ് കണക്ഷനും ഇല്ലാതായി. വിദേശ ചാനലുകളുടെ പരിപാടികള്‍ ലഭ്യമാക്കിക്കൊണ്ടിരുന്ന സാറ്റലൈറ്റ് ഡിഷുകള്‍ പിടിച്ചെടുക്കാനും തുടങ്ങിയിട്ടുണ്ട്.

ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല. ചില ഓണ്‍ലൈന്‍ വാര്‍ത്താ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. സമൂഹമാധ്യമങ്ങള്‍ക്ക് നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തിനകത്ത് നടക്കുന്നത് എന്തെന്നു തന്നെ ജനങ്ങള്‍ക്ക് അറിയാനാവാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

വടക്കു പടിഞ്ഞാറന്‍ മ്യാന്മറിലെ കലായ് പട്ടണത്തില്‍ നാടന്‍ തോക്കുകളുമായി പട്ടാളത്തെ നേരിട്ടവര്‍ക്കു നേരെ നടന്ന വെടിവയ്പില്‍ ഇന്നലെ 11 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ അറസ്റ്റിലായി. ദവേയി നഗരത്തില്‍ എന്‍ജിനീയര്‍മാരും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സമരത്തിനിറങ്ങി.

കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ ഭരണംം അട്ടിമറിച്ച്‌ പട്ടാളം ഭരണം പിടിച്ചതിനെതിരെ ആരംഭിച്ച സമരം കടുത്ത അടിച്ചമര്‍ത്തലിലും ശക്തമായി തുടരുന്നു. പ്രക്ഷോഭത്തിനിടെ പൊലീസിന്റെയും പട്ടാളത്തിന്റെയും വെടിയേറ്റ് അറുന്നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.