അബുദാബി: ഐപിഎല്ലില്‍ ഒട്ടേറെ റെക്കോഡുകള്‍ക്ക് ഉടമയായ എം.എസ്. ധോണി മറ്റൊരു റെക്കോഡു കൂടി ഇന്നലെ സ്വന്തമാക്കി. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കളിക്കാനിറങ്ങിയതോടെ ഐപിഎല്ലില്‍ ഇരുനൂറ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ധോണി.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ (107) നേടിയ ക്യാപ്റ്റന്‍, കൂടുതല്‍ സ്റ്റമ്ബിങ് (38) നടത്തിയ വിക്കറ്റ് കീപ്പര്‍ എന്നീ റെക്കോഡുകളൊക്കെ ചെന്നൈ സൂപ്പര്‍ സിങ്‌സ് ക്യാപറ്റനായ ധോണി നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.

ഐപിഎല്ലില്‍ നാലു കിരീടങ്ങള്‍ നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇതുവരെ 197 മത്സരങ്ങള്‍ കളിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായ സുരേഷ് റെയ്‌ന 193 മത്സരങ്ങള്‍ കളിച്ചു. ഇരുനൂറിലേക്ക് അടുക്കുന്ന മറ്റൊരു താരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ദിനേശ് കാര്‍ത്തിക്കാണ്. കാര്‍ത്തിക് 191 മത്സരങ്ങള്‍ കളിച്ചു.