സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പായതിനാല്‍ ഭൂരിപക്ഷം ആളുകളും പുറത്തിറങ്ങിയെന്നും ഇതിനാല്‍ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ്19 അതിതീവ്ര വ്യാപനമുണ്ടായിരിക്കുന്ന സ്ഥിതിക്കും കേരളത്തില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്കും എല്ലാവരും ഒരിക്കല്‍ കൂടി ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. കേരളം ഒറ്റമനസോടെ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കോവിഡ് വ്യാപനം വളരെയധികം കുറച്ച് കൊണ്ടുവരാന്‍ സാധിച്ചത്. ഓണവും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും കഴിഞ്ഞതോടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിരുന്നു. ആ സമയത്ത് സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 70000ത്തിന് മുകളില്‍ എത്തിയിരുന്നു. എന്നാല്‍ മാര്‍ച്ച് 22 ന് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1200ലേക്ക് കുറഞ്ഞിരുന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 25000ത്തിലേക്കും എത്തിയിരുന്നു.
എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടുകൂടി കോവിഡ് വ്യാപനം വല്ലാതെ കൂടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 3500ലേക്ക് എത്തിയിരിക്കുകയാണ്.