ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിന്നാലാം സീസണ്‍ ആരംഭിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് നേരിടുക. വെള്ളിയാഴ്‌ച രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. കോവിഡ് ഭീതിയുടെ നിഴലില്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആദ്യ മത്സരം റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ്. ശനിയാഴ്ചയാണ് മത്സരം. ഈ സീസണ്‍ ധോണിയുടെ അവസാന ഐ പി എല്‍ സീസണ്‍ ആയിരിക്കുമെന്ന് ചില കിംവദന്തികള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് ധോണിയുടെ അവസാന സീസണ്‍ ആയിരിക്കില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്സ് സി ഇ ഒ കാശി വിശ്വനാഥന്‍. നായക സ്ഥാനത്തേക്ക് ഇതുവരെ മാറ്റാരെയും കണക്കാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഐ പി എല്ലില്‍ മാത്രമാണ് ആരാധകര്‍ക്ക് ധോണിയുടെ പ്രകടനം കാണാന്‍ കഴിയുന്നത്. കഴിഞ്ഞ സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ധോണിക്ക് സാധിക്കാതെ വന്നതോടെ ചെന്നൈക്ക് ഐ പി എല്‍ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കളിക്കാതെ പുറത്താകേണ്ടി വന്നിരുന്നു. ഏഴാം സ്ഥാനത്താണ് ചെന്നൈ ടീം അവസാന സീസണില്‍ ഫിനിഷ് ചെയ്തത്. ഇത്തവണ നേരത്തെ തന്നെ പരിശീലനം ആരംഭിച്ച ധോണിയും അദ്ദേഹത്തിന്‍റെ ടീമിന്റെയും ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ സീസണിനു വിപരീതമായി നേരത്തെ പരിശീലനം ആരംഭിച്ച ധോണി നെറ്റ്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഐ പി എല്ലില്‍ 5000 റണ്‍സെന്ന നാഴികകല്ലിലെത്താന്‍ ധോണിക്ക് വേണ്ടത് 368 റണ്‍സാണ്. വമ്ബന്‍ സിക്‌സറുകളുമായി നെറ്റ്‌സില്‍ കളം നിറയുന്ന ധോണി ഈ സീസണിലൂടെ 5000 റണ്‍സ് ക്ലബ്ബിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രവീന്ദ്ര ജഡേജയെക്കുറിച്ചും, സുരേഷ് റെയ്നയെക്കുറിച്ചും ചെന്നൈ ടീം സി ഇ ഒ വാചാലനായി. ‘എന്‍ സി എയില്‍ നിന്ന് എല്ലാ ടെസ്റ്റുകളും വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ജഡേജ ടീമിലെത്തിയിരിക്കുന്നത്. താരം നല്ല രീതിയില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഐ പി എല്‍ തുടങ്ങുന്നത്തോട് കൂടി അദ്ദേഹം തന്റെ തനത് ഫോമിലേക്ക് തിരിച്ചെത്തും’- സി ഇ ഒ വ്യക്തമാക്കി.

‘സുരേഷ് റെയ്നയും വളരെ നന്നായി പ്രാക്ടീസ് ചെയ്യുന്നുണ്ട്. ഐ പി എല്ലില്‍ സുരേഷ് റെയ്ന സി എസ് കെയ്ക്ക് വേണ്ടി വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. 12 വര്‍ഷക്കാലമായി സി എസ് കെയ്ക്ക് വേണ്ടി ഐ പി എല്ലില്‍ റണ്‍വേട്ടക്കാരിലും മുന്‍പന്തിയിലാണ് അദ്ദേഹം. ഈയിടെ നടന്ന സയിദ് മുഷ്ത്താഖ് അലി ട്രോഫിയിലും അദ്ദേഹം നല്ല രീതിയില്‍ കളിച്ചിരുന്നു.’-കാശി വിശ്വനാഥന്‍ കൂട്ടിച്ചേര്‍ത്തു.