ബീജിംഗ് : ന്യൂഡല്‍ഹിയില്‍ നിന്നും ചൈനീസ് നഗരമായ വുഹാനില്‍ വെള്ളിയാഴ്ച ലാന്‍ഡ് ചെയ്ത വന്ദേഭാരത് മിഷന്‍ വിമാനത്തിലെ യാത്രക്കാരില്‍ 19 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്. ഇതോടെ വുഹാനിലേക്കുള്‍പ്പെടെ ചൈനയിലേക്കുള്ള സ്പെഷ്യല്‍ സര്‍വീസുകളുടെ കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വിമാനത്തിലുണ്ടായിരുന്ന 277 യാത്രക്കാരില്‍ 39 പേരില്‍ കൊവിഡ് 19 ആന്റി ബോഡികള്‍ കണ്ടെത്തി. ഇവര്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത കൊവിഡ് ബാധിതരാണെന്ന് സംശയിക്കപ്പെടുന്നു. ഇവരെയും കൊവിഡ് സ്ഥിരീകരിച്ച 19 പേരെയും ഉള്‍പ്പെടെ 58 പേരെ ആശുപത്രികളിലേക്കും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കും മാറ്റി. ബാക്കി യാത്രക്കാരെ വിവിധ ഹോട്ടലുകളിലായി 14 ദിവസം ക്വാറന്റൈനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള വന്ദേഭാരത് വിമാനത്തില്‍ ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. വെള്ളിയാഴ്ചത്തേത് ചൈനയിലേക്കുള്ള എയര്‍ ഇന്ത്യയുടെ ആറാമത്തെ സര്‍വീസ് ആയിരുന്നു.

വരും ആഴ്ചകളിലുള്ള സര്‍വീസുകളില്‍ ചൈനയിലേക്ക് മടങ്ങാന്‍ തയാറെടുത്തിരിക്കുന്നത് ഏകദേശം 1,500 ലധികം ഇന്ത്യക്കാരാണ്. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സര്‍വീസുകള്‍ നടത്താന്‍ വൈകിയേക്കാനിടയുണ്ട്. ഈ മാസം തന്നെ വുഹാനിലേക്ക് മറ്റൊരു സര്‍വീസ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ചൈനീസ് അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികരണം വൈകുകയാണ്.