യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ പിഎസ്ജിക്കും ചെല്‍സിക്കും ജയം. കെയിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവിലാണ് ബയേണ്‍ മ്യൂണിച്ചിനെ പിഎസ്ജി തകര്‍ത്തത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിനെ കീഴടക്കിയെത്തിയ പോര്‍ട്ടോയ്ക്ക് ചെല്‍സിക്ക് മുന്നില്‍ അടിതെറ്റി.
അഞ്ച് ഗോളുകള്‍ പിറന്ന ത്രില്ലറിലാണ് പിഎസ്ജി നിലവിലെ ചാമ്പ്യന്മാരായ ബയേണിനെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ മൂന്നാം മിനുറ്റില്‍ തന്നെ എംബാപെ പിഎസ്ജിയെ മുന്നിലെത്തിച്ചു. സൂപ്പര്‍ താരം നെയ്മറിന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍. എംബാപെ തൊടുത്ത ഷോട്ട് ബയേണ്‍ ഗോളി മനുവല്‍ ന്യൂയറിന് തടയാനായില്ല. ആദ്യ പകുതി 30 മിനുറ്റില്‍ എത്തുന്നതിന് മുമ്പ് തന്നെ പിഎസ്ജി ലീഡ് വര്‍ദ്ധിപ്പിച്ചു. മാര്‍ക്വിനസാണ് ഗോള്‍ നേടിയത്. ഇത്തവണയുടെ ഗോളിന് പിന്നില്‍ നെയ്മറിന്റെ ബൂട്ടുകള്‍ തന്നെയായിരുന്നു.
37-ാം മിനുറ്റില്‍ എറിക് മാക്സിമും, 60-ാം മിനുറ്റില്‍ തോമസ് മുള്ളറും ബയേണിനായി തിരച്ചടിച്ചു. എന്നാല്‍ കളിയുടെ വിധി 68-ാം മിനുറ്റില്‍ എംബാപെ തന്നെ എഴുതി. ഇത്തവണ ഗോളിന് പിന്നില്‍ എയ്ഞ്ചല്‍ ഡി മരിയ. കളിയില്‍ പന്തടക്കത്തിലും ആക്രമണത്തിലും ബയേണ്‍ തന്നെയായിരുന്നു മുന്നില്‍. 31 ഷോട്ടുകളാണ് ബയേണ്‍ മുന്നേറ്റനിര ഉതിര്‍ത്തത്.
പോര്‍ട്ടോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ചെല്‍സി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ മാസന് മൗണ്ടും 85-ാം മിനുറ്റില്‍ ബെന്‍ ചില്വെല്ലുമാണ് ലക്ഷ്യം കണ്ടത്. അടുത്ത ബുധനാഴ്ചയാണ് രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക.