സൗദിയില്‍ ബഖാല ജീവനക്കാര്‍ക്കും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പൊതു ജനങ്ങള്‍ നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തുന്ന റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. ശവ്വാല്‍ ഒന്നിന് മുമ്ബായി വാക്‌സിന്‍ സ്വീകരിക്കാനാണ് നിര്‍ദ്ദേശം.

രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് ഫലപ്രദമായ നടപടികള്‍ കൈകൊള്ളുന്നതിന്റെ ഭാഗമായാണ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയത്. രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം വരുന്ന ബഖാല ജീവനക്കാര്‍ക്കാണ് പുതുതായി വാക്‌സിന്‍ നിര്‍ബന്ധമാക്കിയത്. നഗര ഗ്രാമ മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. ഇതിന് പുറമേ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, കോഫി ഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.