മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ മുംബൈ പൊലീസിലെ മുന്‍ ഉദ്യോഗസ്ഥന്‍ സച്ചിന്‍ വസെയെ ചോദ്യം ചെയ്യാന്‍ സിബിഐക്ക് അനുമതി. മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതിയുടേതാണ് നടപടി.

പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ ആഢംബര വസതിക്ക് സമീപം സ്ഫോടക വസ്തുക്കളും ഭീഷണി കത്തും കണ്ടെത്തിയ കേസില്‍ നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് സച്ചിന്‍ വാസെ. ഹോട്ടലുകളില്‍ നിന്നും ബാറുകളില്‍ നിന്നും നൂറ് കോടി രൂപ പിരിച്ചുകൊടുക്കാന്‍ അനില്‍ ദേശ്മുഖ് മുംബൈ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന ആരോപണമാണ് മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് ഉന്നയിച്ചത്. ഇതേ തുടന്ന് ബോംബെ ഹൈക്കോടതിയാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.