ചെന്നൈ: ചെക്ക് കേസില്‍ നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത്കുമാറിനെയും നടിയും ഭാര്യയുമായ രാധികയെയും ചെന്നൈ പ്രത്യേക കോടതി ഒരു വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പിഴയായി അഞ്ചു കോടി രൂപയും അടയ്ക്കണം. എന്നാല്‍, ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തല്‍ക്കാലത്തേക്ക് തടഞ്ഞു. ജനപ്രതിനിധികളുള്‍പ്പെടുന്ന കേസ് വിചാരണ ചെയ്യുന്ന കോടതിയുടേതാണ് വിധി.

സിനിമാ നിര്‍മാണത്തിനായി ശരത്കുമാറിന്റെ ഉടമസ്ഥതയുള്ള കമ്ബനിയായ മാജിക് ഫ്രെയിംസ് വന്‍ തുക വാങ്ങിയെന്നും തിരിച്ചടക്കാന്‍ തയാറായില്ലെന്നും കാണിച്ച്‌ റേഡിയന്‍സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയാണ് കോടതിയെ സമീപിച്ചത്. രാധിക, ശരത് കുമാര്‍, ലിസ്റ്റിന്‍, സ്റ്റീഫന്‍ എന്നിവരാണ് മാജിക് ഫ്രെയിംസ് കമ്ബനിയിലെ മറ്റു പാര്‍ട്ണര്‍മാര്‍. ഇവര്‍ രണ്ട് ചെക്ക് ഈടായി നല്‍കി ഒന്നര കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പിന്നാലെ റേഡിയന്‍സ് മീഡിയയില്‍ നിന്ന് ശരത് കുമാര്‍ 50 ലക്ഷം രൂപയും വായ്പ എടുത്തിരുന്നു. ഇതിന് ഈടായി പത്ത് ലക്ഷം രൂപ വീതം എഴുതിയ അഞ്ച് ചെക്കുകളും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ചെക്ക് ബൗണ്‍സാവുകയായിരുന്നു. –

നേരത്തെ സയിദാപേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ക്കെതിരെ ശരത്കുമാറും രാധികയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 2019ല്‍ ക്രിമിനല്‍ നടിപടിക്രമങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി ജസ്റ്റിസ് ജി ഇളന്തിരയ്യന്‍ തള്ളിയിരുന്നു. ആറു മാസത്തിനുള്ളില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സയിദാപേട്ട ഫാസ്റ്റ് ട്രാക്ക് കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെ കേസ് എംപിമാര്‍ക്കും എംഎല്‍എമാരും ഉള്‍പ്പെടുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്ന ചെന്നൈ കളക്ടറേറ്റ് കോംപ്ലക്സിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു.

ബുധനാഴ്ച കേസ് പരിഗണിച്ച ജഡ്ജി എന്‍ അലീസിയ അഭിഭാഷകരുടെ വാദം കേട്ടശേഷം താരദമ്ബതികള്‍ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ പുറപ്പെടുവിക്കുകയായിരുന്നു. ശരത്കുമാറിന്റെ നേതൃത്വത്തിലുള്ള സമത്വ മക്കള്‍ കക്ഷി നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ മുന്നണിയിലാണ് മത്സരിച്ചത്. എന്നാല്‍, ശരത്കുമാറും രാധികയും മത്സര രംഗത്തുണ്ടായിരുന്നില്ല.