കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് പാറാല്‍ മന്‍സൂര്‍ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ബോംബേറില്‍ ഇടതു കാലിലുണ്ടായ മുറിവാണ് മരണകാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മന്‍സൂറിനെ വെട്ടിക്കൊന്ന കേസില്‍ സി.പി.എം പ്രവര്ത്തകന് ഷിനോസ് പിടിയിലായിരുന്നു. കൊല്ലപ്പെട്ട മന്‍സൂറിന്റെ അയല്‍വാസിയാണ് ഷിനോസ്.
കൂത്തുപറമ്പ് പുല്ലൂക്കര മുക്കില്‍ പീടികയില്‍ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനായ പാറാല്‍ മന്‍സൂര്‍ (22) ആണ് വെേട്ടറ്റു മരിച്ചത്.
വീട്ടില്‍ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരന് മുഹ്സിന് ( 27) ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് ലീഗ് ആരോപിച്ചു.
മുഹ്സിന് വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം എത്തിയത്. മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോള്‍ തടയാന്‍ ചെന്നപ്പോഴാണ് സഹോദരന് മന്‍സൂറിന് വെട്ടേറ്റത്.അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ച മുഹ്സിന്‍്റെ മാതാവിനും അയല്പക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്.
അല്സിഫയില് പാറാല്‍ മുസ്തഫയാണ് മന്‍സൂറിന്റെ പിതാവ്. മാതാവ്: സക്കീന. സഹോദരങ്ങള്‍: മുനീബ്, മുബില്‍, മുഹസിന്, മുഹമ്മദ്.