തിരുവനന്തപുരം : നിലവിലുള്ള ഏക സീറ്റില്‍ നിന്ന് നിയമസഭയില്‍ ബി.ജെ.പിയുടെ അംഗസംഖ്യ മൂന്നു മുതല്‍ ആറ് വരെ എത്താമെന്ന് പോളിംഗിന് ശേഷം നേതാക്കളുടെ നിരീക്ഷണം. സിറ്റിംഗ് സീറ്റായ നേമത്തും സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്തും മെട്രോമാന്‍ ഇ.ശ്രീധരന്‍ മത്സരിക്കുന്ന പാലക്കാടും ബി.ജെ.പിക്ക് വിജയപ്രതീക്ഷയുണ്ട്.

ഇത് കൂടാതെ പാലക്കാട് ജില്ലയിലെ തന്നെ മലമ്ബുഴ, തിരുവനന്തപുരത്ത് കഴക്കൂട്ടം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് , സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂര്‍, ജേക്കബ് തോമസ് മത്സരിക്കുന്ന ഇരിങ്ങാലക്കുട, പത്തനംതിട്ടയിലെ അടൂര്‍, കോന്നി, ആറന്മുള, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, ചേര്‍ത്തല, കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, മണ്ഡലങ്ങളിലും ബി.ജെ.പി പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.

ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പ്രചാരണ രംഗത്തിറക്കിയ ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും പ്രതീക്ഷകള്‍ നല്‍കുന്ന രീതിയില്‍ തന്നെയാണ് അടിത്തട്ടില്‍ നിന്നുള്ള പ്രതികരണവും. ഉയര്‍ന്ന പോളിംഗ് എന്‍.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറയുന്നത്. ശബരിമല വികാരം സര്‍ക്കാരിനെതിരെ തിരിയുമെന്നും ഭക്തജനങ്ങളോട് എല്ലാ വിധത്തിലുള്ള ക്രൂരതകളും കാണിച്ചശേഷം ഇപ്പോള്‍ ഖേദപ്രകടനം നടത്തിയിട്ട് കാര്യമില്ലെന്നും ബി.ജെ.പി പറയുന്നു.

ഇരുമുന്നണികളിലായി ധ്രുവീകരിക്കപ്പെട്ട രാഷ്ട്രീയത്തിന് വരുന്ന മാറ്റം ബി.ജെ.പി രാഷ്ട്രീയ ശക്തിയാവുന്നതിന്റെ സൂചനയാണെന്നും അവര്‍ അവകാശപ്പെടുന്നു. ഇത് കൂടാതെ ഭരണ തുടര്‍ച്ച വേണമെന്നത് കൊണ്ട് തന്നെ സിപിഎം വോട്ട് വിഭജിച്ചിട്ടില്ലെന്നും ആണ് കണക്കു കൂട്ടല്‍. അതേസമയം ന്യൂനപക്ഷ വോട്ടുകള്‍ ഇരു മുന്നണിയിലേക്കും വിഭജിക്കപ്പെട്ടതായും സൂചനയുണ്ട്.