കോവിഡ് ഭീതിക്കിടെ ഏപ്രില്‍ ഏഴിന് ലോകാരോഗ്യ ദിനം ആചരിക്കുന്നു. 1948ല്‍ ഇതേ ദിവസമാണ് ലോകാരോഗ്യ സംഘടന ഔപചാരികമായി നിലവില്‍വന്നത്. ഇതിെന്റ സ്ഥാപിത ലക്ഷ്യങ്ങെളക്കുറിച്ച് ജനങ്ങളെ ഓര്‍മപ്പെടുത്തുകയും അതത് കാലത്തെ ഏറ്റവും പ്രസക്തമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്യുക എന്നതുമാണ് ദിനാചരണത്തിെന്റ ലക്ഷ്യം.
മികച്ചതും ആരോഗ്യകരവുമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രതിപാദന വിഷയം. ജനങ്ങളുടെ ആരോഗ്യാവകാശത്തെയും പൊതുജനാരോഗ്യ സങ്കല്പങ്ങളെയും പുനര്‍ നിര്‍വചിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.ചികിത്സ, രോഗപ്രതിരോധം, പുനരധിവാസം, സാന്ത്വന പരിചരണം എന്നിവ യഥാസമയം എല്ലാവര്ക്കും സാമ്ബത്തിക സ്ഥിതി തടസ്സമാകാതെ ലഭിക്കുക എന്നതും ലക്ഷ്യംവെക്കുന്നു. ചികിത്സയിലും രോഗപ്രതിരോധത്തിലും മുന്നേറ്റങ്ങള്‍ക്ക് ലോകം സാക്ഷിയായിട്ടുണ്ടെങ്കിലും വ്യാപകമാകുന്ന പുതിയ വ്യാധികളും ജീവിതശൈലീ രോഗങ്ങളും ഉയര്‍ന്ന ചികിത്സ ചെലവുകളും ഭീഷണിയാണ്. ആരോഗ്യരംഗത്തെ അസമത്വം അനുദിനം വര്‍ധിക്കുകയാണ്.
ജനകേന്ദ്രീകൃതമായ ആരോഗ്യസേവനങ്ങളുടെ ലഭ്യതയും കാര്യക്ഷമതയും ഫലപ്രാപ്തിയും വര്‍ധിപ്പിക്കേണ്ടതും ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുന്നതിന് അനിവാര്യമാണ്. മികച്ച പ്രാഥമികാരോഗ്യ സംവിധാനമാണ് ഇതിന് ഏറ്റവും ആദ്യം വേണ്ടത്. കാര്യക്ഷമമായ ആരോഗ്യഭരണ സംവിധാനവും മരുന്നിെന്റയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും ലഭ്യതയും നൂതനസാങ്കേതിക വിദ്യയുടെയും വിവര വിനിമയ സംവിധാനങ്ങളുടെയും ഉപയോഗവും ഇതില്‍ പ്രധാനമാണ്.ലോക ജനതയുടെ ആറിലൊന്ന് അധിവസിക്കുന്ന നാടാണ് ഇന്ത്യ. മനുഷ്യ വിഭവശേഷി തന്നെയാണ് നമ്മുടെ ഏറ്റവും വലിയ സമ്ബത്തും.
എന്നാല്‍, ഇവിടെ നല്ലൊരു ഭാഗവും രോഗികളാണ്. മറ്റു ചിലരാകട്ടെ പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലൂടെയും തെറ്റായ ജീവിത ശൈലിയിലൂടെയും രോഗികളാകാന് മത്സരിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് നാം വേണ്ട പരിഗണന നല്‍കുന്നില്ല. രോഗം വന്ന് കിടപ്പിലാകുമ്ബോഴാണ് നാം ‘ആരോഗ്യം തന്നെയാണ് ഏറ്റവും വലുത്’എന്ന് തിരിച്ചറിയുന്നത്. നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ നാടിനും വീടിനും പുരോഗതി ഉണ്ടാവുകയുള്ളൂ. വ്യായാമം, സമീകൃതാഹാരം, സമ്മര്‍ദരഹിത ജീവിതം എന്നിവ ശീലമാക്കിയാല്‍ ആരോഗ്യ സംരക്ഷണം ഒരു പരിധിവരെ സാധ്യമാകും. ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍ അവസാനിക്കുന്നില്ല. മഹാമാരിയെ ലോകം അതിജയിക്കുകതന്നെ ചെയ്യും.