വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്ന് മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് നടി മല്ലികാ സുകുമാരന്‍. താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലിക പ്രതികരിച്ചു.

തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയവിള വാര്‍ഡില്‍ നിന്ന് മല്ലിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മല്ലിക രംഗത്തെത്തിയത്. ന്യൂസ് 18നോടായിരുന്നു മല്ലികയുടെ പ്രതികരണം.

സ്ഥാനാര്‍ത്ഥി ആകണമെന്ന ആവശ്യമായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ സംബന്ധിച്ച്‌ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നുമാണ് മല്ലികാ സുകുമാരന്‍ വിശദീകരിച്ചത്.

എങ്ങനെയാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചെന്ന കാര്യം അറിയില്ലെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. അതേസമയം താനൊരു കോണ്‍ഗ്രസുകാരിയാണെന്നും തന്റെ ഭര്‍ത്താവ് സുകുമാരന്‍ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നെന്നും അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞിരുന്നു.