തിരുവനന്തപുരം : സംസ്ഥാനത്ത് പോളിംഗിനിടെ മൂന്ന് വയോധികർ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് നെന്മാറയ്ക്കടുത്ത് വിത്തനശ്ശേരിയിൽ വോട്ട് ചെയ്യാനെത്തിയ വയോധികയാണ് കുഴഞ്ഞുവീണ് മരിച്ചത്. അപ്പുക്കുട്ടന്റെ ഭാര്യ കാർത്ത്യായനിയമ്മ(69) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്ന സംഭവം. പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണ് ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കിയിലും പോളിംഗിനിടെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മറയൂർ പത്തടിപ്പാലം സ്വദേശി ഗോപിനാഥൻ നായർ (79) ആണ് മരിച്ചത്. മറയൂർ ഗവണ്മെന്റ് എൽ പി സ്‌കൂൡ വോട്ട് ചെയ്തശേഷം പുറത്തിറങ്ങി സ്‌കൂൾ പരിസരത്ത് ഇരിക്കുന്നതിനിടെയായിരുന്നു മരണം.

ഹരിപ്പാട് മണ്ഡലത്തിലെ ആറാട്ടുപുഴയിൽ പോളിംഗ് ബൂത്തിന് സമീപം കോൺഗ്രസ്-സി.പിഎം സംഘർഷം കണ്ടു നിന്ന ആൾ കുഴഞ്ഞു വീണു മരിച്ചു. ആറാട്ടുപുഴ പതിയാങ്കര സ്വദേശി ശാർഗധരൻ(58) ആണ് മരിച്ചത്. പതിവാകര മഹാത്മജി സ്മാരക ഹാളിലെ ബൂത്തിന് സമീപം ആയിരുന്നു സംഭവം.