ആലപ്പുഴ: ആലപ്പുഴയിൽ പോളിംഗ് ഉദ്യോഗസ്ഥനും ഏഴോളം വോട്ടര്‍മാര്‍ക്കും തെരുവ് നായയുടെ കടിയേറ്റു. തലവടി ഗവ. ഹൈസ്‌കൂള്‍ 129-ാം എ ബൂത്തിലെ അസ്സി. പോളിംങ് ഉദ്യോഗസ്ഥനായ ചേര്‍ത്തല സ്വദേശി പ്രതീപിനാണ് തെരുവ് നായുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിക്ക് പോളിംങ് ബൂത്തില്‍ നിന്ന് ബാത്ത്‌റൂമിലേക്ക് പോകുന്ന വഴിയാണ് സംഭവം. പ്രതീപിന്റെ മുട്ടിന് മുകളിലാണ് കടിയേറ്റത്.

ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പ്രതീപിനെ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെയ്പ് നടത്തിയശേഷം ബൂത്തില്‍ തിരികെയെത്തിച്ചു. പ്രതീപിനെ മാറ്റി പുതിയ അസ്സി. പോളിംങ് ഉദ്യോഗസ്ഥനായി സജിക്ക് ചുമതല നല്‍കി. ഈ പോളിംങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനെത്തിയ രാജേന്ദ്രകുമാര്‍, വത്സമ്മ എന്നിവര്‍ക്കാണ് കടിയേറ്റത്. തലവടിയിലെ മറ്റ് ബൂത്തുകളില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടര്‍മാര്‍ക്കും നായുടെ ഉപദ്രവം നേരിട്ടിരുന്നു