നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറാവാതെ നടനും ബി.ജെ.പി രാജ്യസഭ എം.പിയുമായ സുരേഷ് ഗോപി.

ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്നും എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. ശാസ്തമംഗലം എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ വോട്ട്.

തൃശ്ശൂര്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ വോട്ടര്‍മാരെ കണ്ട ശേഷം ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുകയായിരുന്നു അദ്ദേഹം.

തൃശൂരില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. മത്സരിക്കാന്‍ സുരേഷ് ഗോപിക്ക് സമ്മതമല്ലായിരുന്നു എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

എന്നാല്‍ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം മത്സരിക്കാന്‍ അദ്ദേഹത്തിനുമേല്‍ വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപി മത്സരരംഗത്ത് സജീവമാകുന്നത്.

പത്മജ വേണുഗോപാലാണ് തൃശ്ശൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പി ബാലചന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.