ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിൽ ആവേശപൂർവ്വമായ ജനകീയ പങ്കാളിത്തത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബംഗാൾ, അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന അസം, ഒറ്റ ഘട്ടം കൊണ്ട് പൂർത്തിയാക്കുന്ന തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങ ളിലാണ് ഇന്ന് ജനത തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്.

‘പശ്ചിമബംഗാൾ, അസം,തമിഴ്‌നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് മികച്ച രീതിയിൽ നടക്കുന്നതിൽ ഏറെ സന്തോഷം. എല്ലാസ്ഥലത്തേയും സമ്മതിദായകർ വലിയതോതിൽ വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. യുവാക്കൾ എല്ലാ ഗൗരവത്തോടേയും തെരഞ്ഞെടുപ്പിനെ കാണുന്നു എന്നതിലും ഏറെ സന്തോഷമുണ്ട്.’ നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.

എട്ടു ഘട്ടങ്ങളിലായി നടക്കുന്ന പശ്ചിമബംഗാളിലാണ് ഇത്തവണ വളരെ നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയുള്ളത്. ഇന്ന് മൂന്നാം ഘട്ട വോട്ടിംഗാണ് പശ്ചിമബംഗാളിൽ നടക്കുന്നത്. അസം മൂന്ന് ഘട്ടത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നുകൊണ്ട് അസമിലെ വോട്ടിംഗ് പൂർത്തിയാകും.