മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ വാദങ്ങൾ തള്ളി പൊലീസ്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറിച്ച് പരാതിക്കാരാനായാണ് അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തിയതെന്നും പൊലീസ് പറഞ്ഞു. തനിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഷിജു പറഞ്ഞു.

കണ്ണനല്ലൂർ- കുരുവിപ്പള്ളി റോഡിൽ വച്ചാണ് ഷിജു വർഗീസിന്റെ ഇന്നോവ കാറിനെതിരെ ആക്രമണമുണ്ടായത്. മദ്യക്കുപ്പിയിൽ പെട്രോൾ നിറച്ച ശേഷം അദ്ദേഹത്തിന് വാഹനത്തിന് നേരെ എറിയുകയായിരുന്നുവെന്നാണ് ഷിജുവിന്റെ പരാതി. പ്രദേശത്ത് ഫോറൻസിക് പരിശോധന നടക്കുകയാണ്.

ഇന്ന് രാവിലെ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വോട്ട് രേഖപ്പെടുത്താനായി എത്തിയപ്പോഴാണ് ഇഎംസിസി ഡയറക്ടർ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കുന്നത്. ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് സ്വയം പെട്രോൾ കൊണ്ടുവന്ന് ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് കസ്റ്റഡിയെ കുറിച്ച് അന്വേഷിക്കാൻ മാധ്യമ സംഘം പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മന്ത്രിയുടെ വാദങ്ങൾ പൊലീസ് തള്ളുകയായിരുന്നു.