കേരളാ നിയമസഭയിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ മുന്നേറ്റം ഇരു മുന്നണികളുടെയും പ്രചാരണ രീതികളെ മാത്രമല്ല. പ്രതീക്ഷകളെയും സ്വാധീനിച്ചിരിക്കുന്നു വെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ സുപ്രധാന വ്യത്യസ്തത.

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കഴിഞ്ഞ 7 വര്‍ഷത്തെ സദ്ഭരണമാണ് രാജ്യത്തെമ്ബാടും ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായത്. അതുതന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയ ശാസ്ത്രീയവും യുക്തിഭദ്രവുമായ 400 ല്‍ അധികം ജനക്ഷേമ പദ്ധതികള്‍ വികസനത്തിനും ക്ഷേമത്തിനും ഒരു പോലെ പ്രാധാന്യം നല്‍കി ആവിഷ്‌കരിച്ചതാണ്.സ്വതന്ത്ര ഭാരതത്തില്‍ അധികാരത്തിലേറിയ കോണ്‍ഗ്രസ്സ്‌സര്‍ക്കാറുകള്‍ അവഗണിച്ച സുപ്രധാന മേഖലകളില്‍ അടക്കം സമഗ്രമായ പരിവര്‍ത്തനമാണ് ഇത് ശ്രദ്ധിച്ചത്.

പശ്ചാത്തലമേഖലാവികസനം

പശ്ചാത്തല മേഖലാ വികസനത്തിനാണ് ബിജെപി മുന്നണിയും കേന്ദ്രസര്‍ക്കാരും അതീവ പ്രാധാന്യം നല്‍കിയത്. 2021- 26 വര്‍ഷങ്ങളില്‍ 110 ലക്ഷം കോടിയുടെ വികസനമാണ് ഈ മേഖലയില്‍ അംഗീകരിച്ചിട്ടുള്ളത്. ഇതിന് പണം കണ്ടെത്താന്‍ ഒരുലക്ഷം കോടി അംഗീകൃത മൂലധനമുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് ബാങ്ക് രൂപീകരിക്കാനുള്ള നിയമം പാര്‍ലമെന്റ്പാസാക്കി. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന പശ്ചാത്തല വികസനത്തിന് ഫണ്ട് നല്‍കുന്ന സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ ധനകാര്യ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. 2021-22 ലെ കേന്ദ്രബജറ്റ് പ്രകാരം കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം അടക്കമുള്ള പശ്ചാത്തല പദ്ധതികള്‍ക്കായി 80000 കോടിയാണ് കേരളത്തിനായി അനുവദിച്ചിട്ടുള്ളത്.

കാര്‍ഷികമേഖല

കൃഷിക്കാരുടെ വരുമാനം ഇരട്ടിയിലധികമായി വര്‍ധിപ്പിക്കാന്‍ 3 കര്‍ഷക നിയമങ്ങള്‍ പാര്‍ലമെന്റ് പാസാക്കി. ഈ നിയമങ്ങള്‍ പ്രകാരം കൃഷിക്കാര്‍ക്കും അവരുടെ സംഘങ്ങള്‍ക്കും പ്രൊഡ്യൂസര്‍ കമ്ബനികള്‍ക്കും കൃഷിക്കാരുടേ തടക്കം കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് കമ്ബനികള്‍ക്കും കൃഷിക്കാരുടെ ഉത്പന്നങ്ങള്‍ സംഭരിച്ച്‌ കേടുകൂടാതെ സൂക്ഷിക്കുന്നതിനും, അവ സംസ്‌കരിച്ച്‌ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ഉണ്ടാക്കുന്നതിനും സാമ്ബത്തിക സഹായം ലഭിക്കുന്നതാണ്. കാര്‍ഷിക ഉത്പന്നങ്ങളുടെ താങ്ങു വില ഈ നിയമം മൂലം ഉറപ്പാക്കി. കൃഷി സമ്മാന്‍നിധി പദ്ധതി പ്രകാരം ചെറുകിട – നാമമാത്രകൃഷിക്കാരുടെ അക്കൗണ്ടുകളില്‍ വര്‍ഷംതോറും 6000 രൂപ നിക്ഷേപിക്കുന്നു. 5 വര്‍ഷത്തെ മോറോട്ടോറിയത്തോടു കൂടി കൃഷിക്കാര്‍ക്ക് ഏക്കറിന് 2 ലക്ഷം രൂപ പലിശരഹിത വായ്പ നല്‍കുന്നു. വിത്തും വളവും സൗജന്യമായി നല്‍കുന്നു. കൃഷിക്കാവശ്യമായ യന്ത്രങ്ങള്‍ വാങ്ങുന്നതിന് 90% വരെ സബ്‌സിഡി നല്‍കുന്നു. 4% പലിശനിരക്കില്‍ 3 ലക്ഷം രൂപവരെ ഹ്രസ്വകാലവായ്പ നല്‍കുന്നു. കാര്‍ഷിക വിളകള്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി. മൃഗസംരക്ഷണ മേഖലയില്‍ പശുവളര്‍ത്തലിനും മറ്റ്ഫാമുകള്‍ തുടങ്ങുന്നതിനും 50% സബ്‌സിഡി നല്‍കുന്നു. മത്സ്യ മേഖലയ്ക്കായി 2019 ല്‍മന്ത്രാലയം രൂപീകരിച്ച്‌ മത്സ്യത്തൊഴിലാളികള്‍ക്കായി ധാരാളം ക്ഷേമപദ്ധതികള്‍ നടപ്പാക്കി. യന്ത്രവല്‍കൃതമായ ബോട്ടുകള്‍വാങ്ങുന്നതിനായി സബ്‌സിഡി അനുവദിച്ചു. മത്സ്യബന്ധന തുറമുഖങ്ങള്‍ വികസിപ്പിച്ചു. മത്സ്യസംസ്‌കരണ ശാലകള്‍ സ്ഥാപിക്കാന്‍ വര്‍ധിച്ച സാമ്ബത്തികസഹായം ചെയ്യുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തീരദേശത്ത് പ്രത്യേകഭവന പദ്ധതികള്‍ നടപ്പാക്കുന്നു.

വ്യവസായമേഖല

വ്യവസായമേഖലയില്‍ മുടങ്ങിക്കിടക്കുന്ന കമ്ബനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഐ.ബി.സി. എന്ന പേരില്‍ പുതിയ നിയമം കൊണ്ടുവന്നു. ഇത് നടപ്പാക്കാന്‍ ദേശീയകമ്ബനി ലോ ട്രൈബ്യുണല്‍ രൂപീകരിച്ചു. ഇതുമൂലം അടഞ്ഞു കിടന്ന ധാരാളം വ്യവസായങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുകിട്ടുന്നതിനും കാരണമായി. ചെറുകിട – ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേകം പാക്കേജുകള്‍ അനുവദിച്ചു. കൊറോണ കാലത്ത് പ്രഖ്യാപിച്ച 21 ലക്ഷം കോടിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതികള്‍ മൂലം വ്യവസായ മേഖലയില്‍ വമ്ബിച്ച മുന്നേറ്റമുണ്ടായി. ഓഹരി കമ്ബോളത്തിലെ സെന്‍സസ് 70% വര്‍ധിച്ച്‌ 51000ല്‍ എത്തിനില്‍ക്കുന്നു. കൊറോണയ്ക്ക് മുമ്ബ് രാജ്യം കൈവരിച്ച സാമ്ബത്തിക വളര്‍ച്ച 400 ലക്ഷം കോടിയുടേതായിരുന്നു. കൊറോണമൂലം അത് 250 ലക്ഷം കോടിയായി കുറഞ്ഞു ഇപ്പോള്‍ വീണ്ടും അത് 350 ലക്ഷം കോടിയില്‍ എത്തിനില്‍ക്കുന്നു. ലോകബാങ്കും ഐഎംഎഫും 2021-22ല്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 10%ല്‍ അധികമാണ് എന്ന് വിലയിരുത്തുന്നു. 2 വര്‍ഷത്തിനകം, നാം 500 ലക്ഷം കോടിയുടെ സാമ്ബത്തിക വളര്‍ച്ച നേടും. ലോകത്തിലെ മൂന്നാമത്തെ സാമ്ബത്തിക ശക്തിയായി ഭാരതം മാറും.

വിദ്യാഭ്യാസമേഖല

പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതു കൂടാതെ വിദ്യാഭ്യാസത്തിനായി കേന്ദ്രബജറ്റിന്റെ 3% നീക്കിവച്ചു. ഇത് 5% ആയി വര്‍ധിപ്പിക്കും. ഐഐഎം., ഐഐടി എന്നിവയുടെ എണ്ണം വര്‍ധിപ്പിച്ചു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നിരവധി സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. അന്തര്‍ദേശീയ നിലവാരമുള്ള പുതിയ സര്‍വ്വകലാശാലകള്‍ തുടങ്ങാന്‍ പുതിയവിദ്യാഭ്യാസനയം അനുവാദം നല്‍കുന്നു. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള പഠന പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കും.

ഐടി മേഖല

അടിസ്ഥാന മേഖലകളുടെ വികസനത്തിന് അനിവാര്യമായി ഇന്ത്യന്‍ ഐടി മേഖലമാറി. ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഐടി സേവനത്തിനായി ഭാരതത്തെ സമീപിക്കുന്നു. അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് ഐ.ടി. സേവനം നല്‍കുന്ന പ്രധാന രാജ്യം ഇന്ത്യയാണ്. കൊറോണ കാലത്ത് ഇന്ത്യന്‍ ഐടി വ്യവസായം വമ്ബിച്ച വളര്‍ച്ച നേടി.

ബയോടെക്‌നോളജി, മരുന്ന് നിര്‍മ്മാണം

ബയോ ടെക്‌നോളജി, ഐടി ഇതു രണ്ടും യോജിപ്പിച്ചു കൊണ്ടുള്ള സാങ്കേതികവിദ്യ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്നു. കൊറോണയ്‌ക്കെതിരെ ലോകത്താകെ വികസിപ്പിച്ചെടുത്ത 4 വാക്‌സിനുകളില്‍ 2 എണ്ണം ഇന്ത്യയില്‍ നിന്നുള്ളതാണ്. പൂനയിലും ഹൈദരാബാദിലും വന്‍തോതില്‍ വാക്‌സിനുകള്‍ ഉത്പാദിപ്പിച്ച്‌ കയറ്റുമതി ചെയ്യുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മരുന്ന് ഉല്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറി.

നൈപുണ്യവികസനം

സ്‌കാം ഇന്ത്യയെ (അഴിമതി നിറഞ്ഞ ഇന്ത്യ) സ്‌കില്‍ ഇന്ത്യയാക്കി മാറ്റും എന്നായിരുന്നു 2014ലെ നരേന്ദ്രമോദിയുടെ വാഗ്ദാനം. രാജ്യത്തെമ്ബാടും നൈപുണ്യ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു.

സ്വച്ഛ്ഭാരത്മിഷന്‍

സ്വച്ഛ്ഭാരത്മിഷന്‍ ഭാരതത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതിയാണ്. എല്ലാവര്‍ക്കും ശുദ്ധജലം ലഭിക്കുന്നതിനായി ജലജീവന്‍ പദ്ധതിനടപ്പാക്കി. നദികളുടെ ശുദ്ധീകരണത്തിനായി പദ്ധതികള്‍ ആരംഭിച്ചു. ഗംഗ ശുദ്ധീകരണ പദ്ധതി ലോകത്തിന്റെ ശ്രദ്ധനേടി. ക്ലീന്‍ എനര്‍ജി പദ്ധതിയുടെ ഭാഗമായി എല്ലാവീടുകളിലും വൈദ്യുതി എത്തിക്കാനുള്ള ബൃഹത്തായ പദ്ധതി ആരംഭിച്ചു. 8 കോടി വീടുകളില്‍ കക്കൂസുകളും ശുചീകരണ മുറികളും സ്ഥാപിച്ചു. 2019 മാര്‍ച്ചില്‍ ഭാരതം വെളിയിട വിസര്‍ജ്ജനമുക്തമായി.

ഭവനപദ്ധതി

കഴിഞ്ഞ 5 വര്‍ഷംകൊണ്ട് 1 കോടി 14 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയവീടുകള്‍ നിര്‍മിച്ച്‌ നല്‍കി. 2 വര്‍ഷത്തിനകം ഒരു കോടി വീടുകള്‍ കൂടി നിര്‍മ്മിച്ച്‌ എല്ലാവര്‍ക്കും വീട് എന്ന സ്വപ്‌നം പൂര്‍ത്തിയാക്കും.

സൈനികശക്തി, രാജ്യസുരക്ഷ

രാജ്യത്തിന്റെ സൈനികശക്തി വിപുലീകരിച്ചു. ആധുനിക റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങി. ഇന്ത്യയെ ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയാക്കിമാറ്റി. ജമ്മു-കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു. എന്‍ഐഎയെ ശക്തിപ്പെടുത്തി നിയമം ഭേദഗതി ചെയ്തു.

സാമൂഹ്യസുരക്ഷ

മുത്തലാഖ് നിയമം മൂലം നിരോധിച്ചു. സുപ്രീംകോടതി വിധിയിലൂടെ അയോധ്യാ പ്രശ്‌നം രമ്യമായി പരിഹരിച്ചു. അയോധ്യയില്‍ ശ്രീരാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. തൊട്ടടുത്തു തന്നെ മുസ്ലിം പള്ളിയുടെയും നിര്‍മ്മാണം തുടങ്ങി. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കപ്പെട്ടത് ലോകം ആദരവോടെ വീക്ഷിച്ചു.

ക്ഷേമപദ്ധതികള്‍

മതന്യൂനപക്ഷങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. 8 കോടി വീട്ടമ്മമാര്‍ക്ക് ഉജ്ജ്വലപദ്ധതി പ്രകാരം സൗജന്യ ഗ്യാസ് കണക്ഷന്‍ നല്‍കി. കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള സാമ്ബത്തിക സഹായം നല്‍കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതികള്‍ക്ക് വര്‍ദ്ധിച്ച സാമ്ബത്തിക സഹായങ്ങള്‍ നല്‍കി. കൊറോണ കാലത്ത് ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ് നല്‍കി. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പോഷകാഹാരം നല്‍കുന്നു. അംഗനവാടി ജീവനക്കാരുടെ വേതനം ഇരട്ടിയായി വര്‍ധിപ്പിച്ചു. വളരെ കുറഞ്ഞ പ്രീമിയത്തില്‍ പ്രധാനമന്ത്രിയുടെ പേരില്‍ 5 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആരംഭിച്ചു. മുദ്രാലോണ്‍ പരിധി 20 ലക്ഷമാക്കി ഉയര്‍ത്തി, വഴിയോരക്കച്ചവടക്കാര്‍ക്ക് ധനസഹായം നല്‍കി. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും റേഷന്‍ ഉറപ്പാക്കി. പ്രസവിക്കുന്ന അമ്മമാര്‍ക്ക് 6000 രൂപനല്‍കി.

സാമ്ബത്തികരംഗം

ഇന്ത്യന്‍ സമ്ബദ്‌വ്യവസ്ഥ ശക്തിപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചു. 120 കോടി ആളുകള്‍ക്ക് ആധാര്‍ നല്‍കി. 50 കോടി പേര്‍ക്ക് പാന്‍കാര്‍ഡ് നല്‍കി. 2014ല്‍ ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണം 2 കോടി ആയിരുന്നത് 2020 മാര്‍ച്ചില്‍ 7 കോടിയായി ഉയര്‍ന്നു. ജിഎസ്ടി വരുമാനം 2021 ഫെബ്രുവരിയില്‍ സര്‍വ്വകാല റെക്കോര്‍ഡ് ആയ ഒരുലക്ഷത്തി ഇരുപത്തിമൂന്നു കോടിയില്‍ എത്തി. 2021-22ല്‍ ജിഎസ്ടി വരുമാനം പതിനെട്ടുലക്ഷം കോടിയില്‍ എത്തും. ഇതു വഴി ബജറ്റിലെ ധനക്കമ്മി ഗണ്യമായി കുറയും.

വിദേശനയം

ചൈനയുമായും പാകിസ്ഥാനുമായും ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി സംഘര്‍ഷം ഒഴിവാക്കി. ബംഗ്ലാദേശില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ശ്രീലങ്കയുമായി നല്ലബന്ധം കാത്തുസൂക്ഷിക്കുന്നു. വന്‍കിടശക്തികളായ രാജ്യങ്ങളുമായി സൗഹാര്‍ദത്തില്‍ അധിഷ്ഠിതമായ നയതന്ത്രബന്ധം തുടരുന്നു.

ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് 2019 ലെ ഭരണത്തുടര്‍ച്ച. സ്വാതന്ത്ര്യത്തിനുശേഷം 74 വര്‍ഷം പിന്നിട്ട ഭാരതം ഇന്ന് വികസന കുതിപ്പിലാണ്. ഭാരതീയ ജനസംഘത്തിന്റെ അടിസ്ഥാന ദര്‍ശനമായ ഏകാത്മാ മാനവ ദര്‍ശനത്തിന്റെ പ്രായോഗിക ആവിഷ്‌ക്കാരമാണ് മോദിജി സര്‍ക്കാറിന്റെ ജനക്ഷേമ പരിപാടികള്‍. ഈ ദേശീയ മുന്നേറ്റത്തില്‍കേരളവും അണിചേരണം. ഈ തെരഞ്ഞെടുപ്പ് അതിനുള്ള അവസരം ഒരുക്കുകയാണ്.

പ്രൊഫ.ഡി. അരവിന്ദാക്ഷന്‍