ന്യൂഡൽഹി : കൊറോണ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് യോഗം ചേരുന്നത്. വ്യാഴാഴ്ചയാണ് യോഗം.

മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണ്ണാടക, പഞ്ചാബ് ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായിട്ടാണ് പ്രധാനമന്ത്രി ചർച്ച നടത്തുക. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഏറിയ പങ്കും ഈ സംസ്ഥാനങ്ങളിലാണ്. സംസ്ഥാനങ്ങളിലെ കൊറോണ സ്ഥിതിഗതികൾ വിലയിരുത്തുന്ന അദ്ദേഹം വാക്‌സിനേഷന്റെ പുരോഗതിയും ചോദിച്ചറിയും.

കൊറോണ വ്യാപനത്തിന്റെ ആരംഭം മുതൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചേർന്ന് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്. രാജ്യത്ത് തിങ്കളാഴ്ച ഇതുവരെ 1,25,89,067 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അനുദിനം ഉയരുന്ന സാഹചര്യത്തിൽ ഇന്നലെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.

വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം ഇതുവരെ 8 കോടി ആളുകൾ വാക്‌സിൻ സ്വീകരിച്ചു.