ഡെറാഡൂൺ: വടക്കുകിഴക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിൽ പടർന്നുപിടിക്കുന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമങ്ങൾ നിർത്തിവച്ചു. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തീണയ്ക്കാനുള്ള ശ്രമം അഗ്നിശമന സേന താത്കാലികമായി നിർത്തിവച്ചത്. ചൊവ്വാഴ്ച രാവിലെ വീണ്ടും പുനരാരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് നോഡൽ ഓഫീസർ ഡി.എസ് മീന അറിയിച്ചു. വലിയ നാശനഷ്ടമാണ് ഉത്തരാഖണ്ഡിന് ഉണ്ടായിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടർന്നു തുടങ്ങിയത്. നാല് പേർ മരിക്കുകയും നിരവധി കാട്ടുമൃഗങ്ങൾ വെന്ത് മരിക്കുയും ചെയ്തു. രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നതിനിടെയിലും കാലാവസ്ഥ വെല്ലുവിളിയായിരിക്കുകയാണെന്ന് ഉത്തരാഖണ്ഡ് മന്ത്രി ഹരക് സിംഗ് റാവത്തും പറഞ്ഞിരുന്നു.

തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉന്നതതല യോഗം വിളിച്ച് ചേർത്തിരുന്നു. മുഖ്യമന്ത്രി തിരാത് സിങ് റാവത്തിന്റെ അദ്ധ്യക്ഷതയിലായിരുന്നു യോഗം. ഹെലികോപ്റ്ററിന്റെ സഹായത്തോടെ തീയണക്കാനുള്ള കഠിന ശ്രമങ്ങൾ തുടരുകയാണെന്നും സ്ഥിതിഗതികൾ നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിൽ കാട്ടുതീ പടർന്നുപിടിക്കുന്ന സംഭവങ്ങളുണ്ടാവാറുണ്ട്. സാധാരണയായി ഫെബ്രുവരി മുതൽ ആരംഭിച്ച് നാലുമാസം വരെ ഇത് തുടരും. എന്നാൽ ഇത്തവണ ശൈത്യകാലത്ത് പോലും സംസ്ഥാനത്ത് കാട്ടുതീ പടരുന്ന സാഹചര്യമുണ്ടായി. ഉത്തരാഖണ്ഡിലെ കാട്ടുതീയിൽപ്പെട്ട് 71 ഹെക്ടർ ഭൂമിയാണ് നശിച്ചത്.