ന്യൂഡൽഹി: രാജ്യത്ത് മൂന്നാം ഘട്ട വാക്‌സിനേഷൻ വിജയകരമായി പുരോഗമിക്കുകയാണ്. 45 വയസിന് മുകളിൽ പ്രായമുള്ളവരാണ് ഈ ഘട്ടത്തിൽ കുത്തിവെപ്പെടുക്കുക. കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഇതുവരെ 7,59,79,651 പേർക്ക് വാക്‌സിൻ നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 27 ലക്ഷത്തിൽ അധികം വാക്‌സിൻ ഡോസുകളാണ് വിതരണം ചെയ്തത്.

89,82,974 ആരോഗ്യ പ്രവർത്തകർക്ക് ഒന്നാമത്തെ ഡോസും 53,19,641 പേർക്ക് രണ്ടാമത്തെ ഡോസും നൽകിയെന്ന് ആരോഗ്യവകുപ്പ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 96,86,477 മുൻനിര പ്രവർത്തകർക്ക് ഒന്നാം ഡോസും, 40,97,510 പേർക്ക് രണ്ടാം ഡോസും നൽകി. 45 വയസ്സിന് മുകളിലുള്ളവരിൽ 4,70,70,019 പേർക്ക് ഒന്നാം ഡോസും, 8,23,030 പേർക്ക് രണ്ടാം ഡോസും നൽകിയെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

അതേസമയം രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തലിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കൊറോണ വാക്‌സിനേഷന്റെ അവലോകനവും കൊറോണ വ്യാപനത്തിന്റെ പ്രശ്‌നങ്ങളും ആയിരുന്നു ചർച്ച നടത്തിയത്. കാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഡോ. വിനോദ് പോൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.