ന്യൂഡൽഹി: റഷ്യയുടെ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് സെർജി ലാവ് റോവ് ഇന്ത്യയിലെത്തിയത്. വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ റഷ്യൻ മന്ത്രിയെ സ്വീകരിച്ചു. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രതിരോധരംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും ഇന്ത്യയും റഷ്യയും നേരത്തെ തന്നെ പങ്കാളിത്തമുള്ള രാജ്യങ്ങളാണ്.

കഴിഞ്ഞവർഷം ഇന്ത്യ-റഷ്യ വാർഷിക  ഉച്ചകോടി കൊറോണ കാരണം നടത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യയും റഷ്യയും തമ്മിൽ എല്ലാ മേഖലയിലേയും സമഗ്രമായ ചർച്ചകൾ നടത്താറുള്ള സമ്മേളനമാണിത്.  ഇതുവരെ ഇന്ത്യ-റഷ്യ വാർഷിക സമ്മേളനം 20 തവണ നടത്തിയിട്ടുണ്ട്. പ്രതിരോധം, വിദേശകാര്യം, വാണിജ്യം, ബഹിരാകാശം എന്നിവയടക്കം എല്ലാ വിഷയങ്ങളും സമ്മേളനത്തിൽ  വിശകലനം നടത്താറുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിലുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒരുമിക്കുന്ന സമ്മേളനമാണ് നടക്കാറുള്ളത്.

ക്വാഡ് സഖ്യത്തിന്റെ പസഫിക് മേഖലയിലെ ശക്തമായ സാന്നിദ്ധ്യവും ഇന്ത്യയ്ക്ക് അതിലുള്ള പ്രാധാന്യവും റഷ്യ ഏറെ കരുതലോടെയാണ് കാണുന്നത്. മേഖലയിൽ ഇന്ത്യയെ ഉപയോഗപ്പെടുത്തി അമേരിക്ക നേടിയെടുക്കുന്ന സ്വാധീനം തങ്ങൾക്ക് വെല്ലുവിളിയാണെന്ന റഷ്യയുടെ നയവും ചർച്ചയാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.