കൊല്ലം : ട്രാക്കിൽ തെങ്ങിൻതടി വെച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചവർ പിടിയിൽ . തടി ട്രാക്കിൽ കൊണ്ടുവച്ച ഇടവ തൊടിയിൽ ഹൗസിൽ സാജിദ് (27), കാപ്പിൽ ഷൈലജ മൻസിലിൽ ബിജു (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൊല്ലം ആർ.പി.എഫ് സ്​റ്റേഷനിലേക്ക് തുടർ നടപടികൾക്കായി കൈമാറി.

ട്രാക്കിൽ തടി വെച്ച സ്ഥലത്തിന് സമീപത്തായിട്ടാണ് മുമ്പ്​ മലബാർ എക്സ്പ്രസ് ട്രെയിനിന് തീപിടിത്തമുണ്ടായത്. സംഭവത്തിൽ സ്പെഷൽ ടീം അന്വേഷണം തുടരുകയാണ്​.

ഞാ‍യറാഴ്ച പുലർച്ച 12.50ഓടെ ഇടവയ്ക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയിൽവേ ട്രാക്കിലാണ് തെങ്ങിൻ തടി വെച്ച്​ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ചത്. ചെന്നൈ – ഗുരുവായൂർ ട്രെയിൻ തടിയിൽ തട്ടിയ ഉടൻ ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി. ട്രാക്കിലുണ്ടായിരുന്ന തടിക്കഷണം എടുത്തുമാറ്റിയതിനാൽ വൻ അപകടമൊഴിവായി.