തിരുവനന്തപുരം : ‘ നിങ്ങള്‍ സമാധാനമായി കഴിച്ച് എഴുന്നേറ്റതിന് ശേഷം ഞങ്ങൾ ഇരുന്നു കൊള്ളാം ‘ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയില്‍ പ്രവര്‍ത്തിക്കുന്ന ഗൗരീശങ്കരം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിയുടെ വാക്കുകൾ കേട്ടവർക്ക് ആശ്ചര്യമായിരുന്നു .

പ്രത്യേക പരിഗണനകളോ , പോലീസ് സുരക്ഷയോ ഒന്നുമില്ലാതെ തനി നാട്ടിൻ പുറത്തുകാരായി എത്തിയത് വി ഐപി കളാണെന്ന് ഭക്ഷണം കഴിക്കാനെത്തിയവർ പിന്നീടാണ് മനസ്സിലാക്കിയത് . കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി, സഹമന്ത്രി വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍ എന്നിവരാണ് തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജി. കൃഷ്ണകുമാറിനൊപ്പം പ്രഭാത ഭക്ഷണം കഴിക്കാനായി ഗൗരീശങ്കരം ഹോട്ടലിലെത്തിയത്.

ചെറിയ കടയായതുകൊണ്ട് തന്നെ കൃഷ്ണകുമാറിനെയും , മന്ത്രിമാരെയും കണ്ടപ്പോൾ കടയുടമയായിരുന്ന വീട്ടമ്മ ആദ്യം ഒന്ന് പരിഭ്രമിച്ചു . കേന്ദ്രമന്ത്രിമാരാണെന്ന പരിഗണനയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ മന്ത്രിമാര്‍ക്ക് ഇരിക്കാനായി എഴുന്നേറ്റ് മാറാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രമന്ത്രിമാര്‍ അതിനനുവദിച്ചില്ല . ഭക്ഷണം കഴിക്കുമ്പോൾ എഴുന്നേൽക്കാൻ പാടില്ലെന്നും അവർ പറഞ്ഞു . പ്രത്യേക പരിഗണനകളൊന്നും കൂടാതെ സാധാരണക്കാർക്കൊപ്പം തന്നെയിരുന്ന് മസാലദോശ കഴിച്ചായിരുന്നു മന്ത്രിമാരുടെ മടക്കം