കൊച്ചിനടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നല്‍കിയ ഹ‍ര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന്‍ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നുവെന്നും തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

പ്രോസിക്യൂഷന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കോടതി അവഗണിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകര്‍ കോടതി മുറിയിലെത്തി തന്നെ മാനസികമായി തേജോവധം ചെയ്തെന്നും ഹ‍ര്‍ജിയില്‍ നടി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹര്‍ജിയിലുണ്ട്. കോടതി മാറ്റണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും ഹൈക്കോടതിയിലെത്തി.

ഇരയെ ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്ന് എന്തുകൊണ്ട് അപ്പോള്‍ തന്നെ അറിയിച്ചില്ലെന്ന് കഴിഞ്ഞദിവസം കോടതി വാദത്തിനിടെ ആരാഞ്ഞിരുന്നു. അറിയിച്ചിട്ടും ജഡ്ജി അത് കണക്കില്‍ എടുത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിചാരണക്കോടതിയില്‍ സംഭവിച്ച കാര്യങ്ങല്‍ മുദ്രവെച്ച കവറില്‍ നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു.

കോടതിയില്‍ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം എട്ടാം പ്രതിയുടെ അഭിഭാഷകന് കൈമാറിയെന്നും നടി ആരോപിച്ചു. പ്രോസിക്യൂഷന്റെ അസാന്നിധ്യത്തില്‍ അനുമതിയില്ലാതെയായിരുന്നു ഈ നടപടിയെന്നും നടിയുടെ ഹര്‍ജിയില്‍ പറയുന്നു. തന്റെ മൊഴിയെടുത്ത ദിവസം അഭിഭാഷകരുടെ എണ്ണം കുറയ്ക്കാതിരുന്ന കോടതി രഹസ്യ വിചാരണയുടെ സ്വഭാവം തന്നെ ഇല്ലാതാക്കിയെന്നാണ് നടിയുടെ മറ്റൊരു ആരോപണം.