കോട്ടയം> കേരള കോണ്‍ഗ്രസ്- എമ്മിന്റെ എംപിയും രണ്ട് എംഎല്‍എമാരും സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നത് പരിഹാസ്യമെന്ന് കേരള കോണ്‍ഗ്രസ് എം നേതാക്കളായ തോമസ് ചാഴികാടന് എംപി, എംഎല്‍എമാരായ റോഷി അഗസ്റ്റിന്, ഡോ. എന്‍ ജയരാജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിന്റെ കൂടി വോട്ട് മേടിച്ച് ജയിച്ച ചാലക്കുടി, ഇടുക്കി, പത്തനംതിട്ട അടക്കം കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കോണ്‍ഗ്രസ് എംപിമാരും എംഎല്‍എമാരും ആ സീറ്റില്‍ അള്ളിപ്പിടിച്ചിരുന്ന് നടത്തുന്ന സമരാഭാസം ജനങ്ങള്‍ തിരിച്ചറിയും. കേരള കോണ്‍ഗ്രസിന്റെ വോട്ടുനേടി ജയിച്ചവര്‍ ആ സീറ്റുകള്‍ രാജിവച്ചാല്‍ ആ നിമിഷം രാജിവയ്ക്കാന്‍ ഞങ്ങളും തയ്യാറാണ്. അതിന് കോണ്‍ഗ്രസ് എംപിമാരെയും എംഎല്‍എമാരെയും വെല്ലുവിളിക്കുന്നു. കേരള കോണ്‍ഗ്രസ്-എമ്മിന്റെ രാജ്യസഭാ എംപിയുടെ ഒഴിവിലുണ്ടായ സീറ്റ് പാര്‍ടിക്ക് ലഭിച്ചത് ആരുടെയും ഔദാര്യമല്ല. എങ്കിലും യുഡിഎഫ് എംഎല്‍എമാരുടെ വോട്ടുകൊണ്ട് ജയിച്ച രാജ്യസഭാംഗത്വം രാജിവയ്ക്കാനുള്ള പാര്‍ടി ചെയര്മാന് ജോസ് കെ മാണി എടുത്ത തീരുമാനം രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുന്നതാണ്. കേരള കോണ്‍ഗ്രസ് -എം ഇല്ലാത്ത മുന്നണി മുങ്ങുന്ന കപ്പലാണെന്ന വിഷമമാണ് ചില കോണ്‍ഗ്രസുകാരുടെ സമരാഭാസത്തിന് പിന്നിലെന്ന് മനസിലാക്കാന്‍ പ്രയാസമില്ല. കെ എം മാണിയെ അപമാനിക്കുകയും ആക്ഷേപിക്കുകയും പിന്നില്‍നിന്ന് കുത്തുകയും ചെയ്തവര്‍ ഇന്ന് മാണി സാറിന്റെ പേരില്‍ നടത്തുന്ന സ്നേഹപ്രകടനവും അപഹാസ്യമാണ്.
കര്‍ഷകരും സാധാരണക്കാരും തൊഴിലാളികളുമാണ് കേരള കോണ്‍ഗ്രസിന്റെ ശക്തിയെന്ന് തിരിച്ചറിഞ്ഞാണ് എല്‍ഡിഎഫ് പാര്‍ടിയെ മാന്യമായി സ്വീകരിച്ചത് . കേരള കോണ്‍ഗ്രസിന്റെ ധീരമായ രാഷ്ട്രീയ നിലപാടിന് പാര്‍ടി പ്രവര്‍ത്തകരുടെയും അനുയായികളുടെയും പൊതുസമൂഹത്തിന്റെയും പൂര്‍ണ പിന്തുണയുണ്ടന്നും നേതാക്കള്‍ പറഞ്ഞു.