സിംഹക്കുട്ടിയെ നെഞ്ചോട് ചേർത്ത് പിടിച്ച ഒരു കുരങ്ങൻ. അപൂർവ്വമായ മൃഗസ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കഥ പറയുന്ന ഈ ദൃശ്യങ്ങൾ ദക്ഷിണാഫ്രിക്കയിലെ ദേശീയ പാർക്കിൽ നിന്നാണ്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ താരങ്ങളായി മാറിക്കഴിഞ്ഞു ഇരുവരും.

ഓമനത്വം തുളുമ്പുന്ന കുഞ്ഞുങ്ങളെ വർഗവ്യത്യാസം നോക്കാതെ സ്നേഹിക്കുന്നവരാണ് മൃഗങ്ങൾ. ഇത്തരത്തിൽ മാൻകുട്ടിയെ താലോലിക്കുന്ന സിംഹത്തിന്റെ ദൃശ്യങ്ങളും അടുത്തിടെ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ആഫ്രിക്കൻ കുരങ്ങന്റെയും സിംഹക്കുട്ടിയുടെയും വീഡിയോ ദൃശ്യങ്ങളും നെറ്റിസൺസിന് സഹജീവി സ്‌നേഹത്തിന്റെ പാഠം പകർന്ന് പ്രചരിക്കുന്നത്.

കുരങ്ങൻ സിംഹക്കുട്ടിയെ താലോലിക്കുന്നതാണ് വീഡിയോ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവെച്ചത്. മരത്തിന് മുകളിൽ ഇരുന്നു കൊണ്ടാണ് കുരങ്ങൻ സിംഹക്കുട്ടിയെ താലോലിക്കുന്നത്. ഓരോ കൊമ്പിൽ നിന്നും മറ്റൊന്നിലേക്ക് ചാടുമ്പോഴും സിംഹക്കുട്ടിയെ കൈവിടാത്ത ജാഗ്രതയും സമൂഹമാദ്ധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നു. സിംഹക്കുട്ടിയുടെ മുതുകിൽ തലോടി ഓമനിക്കുന്നതും ഒപ്പം ജാഗ്രതയോടെ ശത്രുക്കൾ ആക്രമിക്കാൻ വരുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതും വീഡിയോയിൽ കാണാം.