പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ 23 പൊലീസ് സ്റ്റേഷനുകളിലായി രജസിറ്റര്‍ ചെയ്തത് 1,000 കേസുകള്‍. അതില്‍ 200 കേസുകളില്‍ക്കൂടി പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
നിക്ഷേപകരുടെ ഓരോ പരാതിയിലും പ്രത്യേകം കേസാണ് എടുക്കുന്നത്. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്. സാമ്ബത്തിക തട്ടിപ്പ്, വഞ്ചന എന്നിവയ്ക്ക് പുറമേ, ബഡ്സ് ആക്ട്, കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ് ഓഫ് ഡിപ്പോസിറ്റേഴ്സ് ആക്ട് എന്നീ വകുപ്പുകള്‍ ഓരോ കേസിലും ഉള്‍പ്പെടുത്തും. പോപ്പുലര്‍ ഉടമകളായ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ തോമസ്, മക്കളായ ഡോ. റീനു മറിയം തോമസ്, റേബ, ഡോ. റിയ ആന്‍ തോമസ് എന്നിവരെ പ്രതിചേര്‍ക്കും. നിക്ഷേപത്തുക എത്തിച്ചേര്‍ന്ന എല്‍.എല്‍.പി. കമ്ബനികളുടെ നടത്തിപ്പില്‍ ഇവര്‍ അഞ്ചുപേര്‍ക്കും പങ്കാളിത്തമുള്ള സാഹചര്യത്തിലാണിത്.
നിലവില്‍ കോന്നി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലാണ് ഇവരെ അറസ്റ്റുചെയ്തിരിക്കുന്നത്. കോന്നിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് 257 കേസുകളില്‍ 200 എണ്ണത്തിലാകും ഉടന്‍ അറസ്റ്റ് ഉണ്ടാവുക. നിശ്ചിത ദിവസം നിശ്ചിത കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് ആലോചന.
ആരോപിക്കപ്പെട്ടിട്ടുള്ള കുറ്റങ്ങള്‍ തെളിയുന്നപക്ഷം 10 വര്‍ഷത്തില്‍ താഴെയാകും പ്രതികള്‍ക്കുള്ള ശിക്ഷ. ഇത്തരം കേസുകളില്‍ 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നില്ലെങ്കില്‍ സ്വാഭാവിക ജാമ്യം കിട്ടാം. എന്നാല്‍ കൂടുതല്‍ കേസുകളില്‍ അറസ്റ്റ് ഉണ്ടാകുന്നതോടെ എല്ലാ കേസിലും ജാമ്യം ലഭിക്കുന്നതോടെ മാത്രമേ പ്രതികള്‍ക്ക് പുറത്തിറങ്ങാനാകൂ.