ന്യൂഡൽഹി : രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യാൻ കേന്ദ്ര സംഘത്തെ അയയ്ക്കാൻ തീരുമാനം. മഹാരാഷ്ട്ര, പഞ്ചാബ് ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലേയ്ക്കാകും കേന്ദ്ര സംഘത്തെ അയയ്ക്കുക. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്. പൊതുജനാരോഗ്യ വിദഗ്ധരും ക്ലിനിക്കൽ വിദഗ്ധരും അടങ്ങുന്ന സംഘമാകും സംസ്ഥാനങ്ങളിലെത്തുക.

രാജ്യത്തെ കൊറോണ രോഗ വ്യാപനം കുറയ്ക്കാൻ അഞ്ച് നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകിയിട്ടുണ്ട്. കൊറോണ പരിശോധന, രോഗം കണ്ടെത്തൽ, രോഗികൾക്ക് ചികിത്സ, മാനദണ്ഡങ്ങൾ കർശനമായി പാലിക്കൽ, വാക്‌സിനേഷൻ എന്നിവയിലൂടെ വ്യാപനം കുറയ്ക്കാൻ സാധിധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആശുപത്രികളിൽ ബെഡ്, ഓക്‌സിജൻ, വെന്റിലേറ്റർ എന്നീ സൗകര്യങ്ങഅൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്തിയുടെ യോഗത്തിൽ ക്യാബിനറ്റ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യസെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത തല ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിച്ചുവരുന്നതിനാൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്.

വ്യാപകമായ പരിശോധന നടത്തുക, സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിക്കുക, ലോക്ഡൗൺ ഏർപ്പെടുത്തുക, രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങൾ കണ്ടെയ്ൻനെന്റ് സോണുകളാക്കുക എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളാണ് കേന്ദ്രം നൽകിയിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് വയ്ക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്നും നിർദ്ദേശത്തിൽ പറയുന്നു.