വാഷിംഗ്ടൺ : 533 മില്യൺ ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെയുള്ള 106 രാജ്യങ്ങളിലെ ആളുകളുടെ വ്യക്തിപരമായ വിവരങ്ങളാണ് ചോർന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ സൗജന്യമായി ആർക്കും ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്ന രീതിയിലാണെന്നാണ് വിവരം.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ, ഫേസ്ബുക്ക് ഐഡികൾ, മുഴുവൻ പേരുകൾ, സ്ഥലവിവരങ്ങൾ, ജനനതീയതികൾ, ഇ-മെയിൽ ഐഡികൾ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ചോർന്നത്. അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള 3.2 കോടിയിലധികം അക്കൗണ്ടുകൾ, 1.1 കോടി ബ്രിട്ടീഷ് പൌരന്മാരുടെ വിവരങ്ങൾ, 60 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങൾ, അഫ്ഗാനിസ്ഥാനിലെ 5.5 ലക്ഷം അക്കൗണ്ടുകളിലെ വിവരങ്ങൾ ഉൾപ്പെടെയുള്ളവയാണ് ചോർന്നിരിക്കുന്നത്. എന്നാൽ ഇതെല്ലാം രണ്ട് വർഷം മുൻപ് ചോർന്നതാണെന്നാണ് ഫേസ്ബുക്കിന്റെ പ്രതികരണം.

നേരത്തെ 2019 ൽ ഫേസ്ബുക്കിൽ നിന്നും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നിരുന്നു. തുടർന്ന് 2020 ജൂണിലും 2021 ജനുവരിയിലും ഇത് വീണ്ടും പുറത്തുവന്നു.

സൈബർ ക്രൈം ഇന്റലിജൻസ് കമ്പനിയായ ഹഡ്സൺ റോക്കിന്റെ സിടിഒ അലോൺ ഗാൽ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. ഏകദേശം എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളുടേയും വിവരങ്ങൾ ചോർന്നിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. രണ്ട് വർഷം പഴക്കമുള്ളതാണെങ്കിലും ഇത് ഉപയോഗിച്ച് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.