ന്യൂഡൽഹി : ചൈനയ്ക്ക് വീണ്ടും കനത്ത പ്രഹരവുമായി ഇന്ത്യ. ബിഎസ്എൻഎൽ 4 ജി വികസനത്തിനുള്ള ടെൻഡറിൽ നിന്നും ചൈനീസ് ടെലികോം കമ്പനികളെ ഒഴിവാക്കി. വാവേ, ഡെസ്ടിഇ എന്നീ കമ്പനികളെയാണ് ഒഴിവാക്കിയത്.

ഇതുമായി ബന്ധപ്പെട്ട ശുപാർശ കേന്ദ്രസർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന എംപവേഡ് ടെക്‌നോളജി ഗ്രൂപ്പ് ബിഎസ്എൻഎല്ലിന് കൈമാറി. യൂറോപ്യൻ കമ്പനികളായ നോക്കിയ, എറിക്‌സൺ, ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ് എന്നിവയെ ടെൻഡറിൽ ഉൾപ്പെടുത്താമെന്ന് ശുപാർശയിൽ പറയുന്നു. 4ജി വികസനത്തിനായുള്ള ടെൻഡർ നടപടികൾ ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ടെലികോം മേഖലയിലെ ചൈനീസ് ആധിപത്യം കുറയ്ക്കുകയാണ് കേന്ദ്രസർക്കാർ നടപടിയ്ക്ക് പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.

ബിഎസ്എൻഎൽ 4ജി വികസനത്തിനായുള്ള ടെൻഡർ നടപടികൾ കഴിഞ്ഞ മാർച്ചിലാണ് ആരംഭിച്ചത്. എന്നാൽ ലഡാക്കിലെ ചൈനീസ് പ്രകോപനത്തിന് പിന്നാലെ ബിഎസ്എൻഎൽ ടെൻഡർ റദ്ദാക്കിയിരുന്നു.