കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ സമാപിക്കും. പ്രചാരണ സമാപന ജാഥ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മനോരമ ജങ്ഷനില്‍നിന്ന് ആരംഭിച്ച് തിരുനക്കര ഗാന്ധി സ്ക്വയറില്‍ സമാപിക്കും.
ഇന്ന് രാവിലെ കുമാരനല്ലൂരില്‍ ഭവനസന്ദര്‍ശനം നടത്തിയായിരുന്നു പ്രചാരണത്തിന് തുടക്കം കുറിച്ചു.ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലൂടെ നടത്തുന്ന വാഹന പ്രചരണ ജാഥയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം.ഡി. കൊമേഴ്സ്യല്‍ സെന്ററിന് സമീപത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഫ്ളാഗ് ഓഫ് ചെയ്തു.
ഐ.എന്‍.ടി.യു.സി. യൂണിയന്റെ നേതൃത്വത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കോട്ടയം മാര്‍ക്കറ്റിലെ തൊഴിലാളികളോടും വ്യാപാര സ്ഥാപനത്തിലും വോട്ട് അഭ്യര്‍ഥിച്ച് പ്രചാരണ പദയാത്ര നടത്തി. എം.എല്‍. റോഡില്‍ ചന്തക്കടവില്നിന്ന് ചന്തക്കവല, തിരുനക്കര വഴി കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപം പദയാത്ര സമാപിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, എസ്. ഗോപകുമാര്‍, എസ്. ജയചന്ദ്രന്, സിബി ജോണ്‍, മുഹമദ് ബഷീര്‍, ടോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം വെള്ളൂപറമ്പില്നിന്ന് ചുങ്കത്തേക്ക് റോഡ് ഷോ നടത്തി. വെള്ളൂപറമ്പില്നിന്ന് ആരംഭിച്ച റോഡ് ഷോ സിനിമാ താരം ജഗദീഷ് ഉദ്ഘാടനം ചെയ്തു. സിനിമാ നിര്‍മാതാക്കളായ രഞ്ജിത്, ഹംസ എന്നിവര്‍ സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടൊപ്പം തുറന്ന ജീപ്പില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ആതിര കൃഷ്ണ, നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റിയന്, കെ.പി.സി.സി. സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, എം.പി. സന്തോഷ്കുമാര്‍, സാബു മാത്യു എന്നിവര്‍ പ്രസംഗിച്ചു.
വായനശാല, പുത്തേട്ട്, ആശാന്‍കളരി, നീലിമംഗലം, സംക്രാന്തി, ഗാന്ധിനഗര്‍, ശാസ്താക്ഷേത്രം, വടക്കേനടപ്പാലം, കിഴക്കേനട, മേല്‍പ്പാലം ജങ്ഷന്, തൂത്തൂട്ടി, ജീവധാര, മള്ളൂര്‍കുളങ്ങര എന്‍.എസ്.എസ്. കരയോഗം, പുല്ലരിക്കുന്ന് പള്ളി, പടിഞ്ഞാറെക്കര ജങ്ഷന്, നിര്‍മ്മിതി ബസ് സ്റ്റോപ്പ്, തിടമ്പൂരമ്പലം, ഉച്ചിമറ്റം, തൈപ്പറമ്പ് എന്നിവിടങ്ങളിലുടെ പര്യടനം നടത്തി ചുങ്കത്ത് സമാപിച്ചു.
പൊയ്കമഠം, ചിതമ്പരംപടി, പാറമ്പുഴ, വെള്ളൂപ്പറമ്പ്, വായനശാല എന്നിവിടങ്ങളില്‍ ഭവനസന്ദര്‍ശനം നടത്തി. പാറമ്പുഴയിലും കളത്തില്പ്പടിയിലും നടന്ന കുടുംബയോഗത്തിലും അദ്ദേഹം പങ്കെടുത്തു.