ബംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര ദിവസത്തിനിടെ പിടികൂടിയത് ഒരു കോടിയിലേറെ രൂപയുടെ സ്വർണം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മലയാളി അടക്കം മൂന്ന് പേർ കസ്റ്റംസിന്റെ പിടിയിലായി. 1, 18, 71,430 രൂപ വിലവരുന്ന 2.56 കിലോ സ്വർണമാണ് മൂന്ന് പേരിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തത്.

ഷാർജയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ അബ്ദുൽ സലാം, ദുബായിൽ നിന്ന് എയർഎന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് പിടിയിലായ മലയാളികൾ. കാസർകോട് സ്വദേശികളായ ഇവർ വ്യാഴാഴ്ച രാത്രി വൈകിയും വെള്ളിയാഴ്ച പുലർച്ചയുമായാണ് കസ്റ്റംസിന്റെ പിടിയിലായത്.

ജീൻസിന്റേയും ഷർട്ടിന്റേയും ബട്ടൺ, ഷൂസിനകത്ത് ഒളിപ്പിച്ച ചെയിൻ എന്നീ രൂപത്തിലാണ് സ്വർണ്ണം കടത്തിയത്. 576 ഗ്രാം സ്വർണമാണ് ഇവർ അനധികൃതമായി കടത്താൻ ശ്രമിച്ചത്. വിപണിയിൽ 26,43,840 രൂപവരും ഇതിന്.

വെള്ളിയാഴ്ച രാവിലെ മംഗളൂരു സ്വദേശി മുഹമ്മദ് ആഷിഫിൽ നിന്ന് 1.9 കിലോ സ്വർണം പിടികൂടിയിരുന്നു. പുലർച്ചെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയപ്പോഴാണ് ഇയാളെ കസ്റ്റംസ് പിടികൂടുന്നത്. രാസവസ്തു ചേർത്ത് പശ രൂപത്തിലാക്കിയ സ്വർണം പ്രത്യേകം തയ്യാറാക്കിയ ജീൻസിൽ ഒളിപ്പിച്ചാണ് കടത്തിയത്.