കശ്മീരിൽ നിന്നും കന്യാകുമാരി വരെ യാത്ര ചെയ്യാൻ എത്ര ദിവസം വേണ്ടിവരുമെന്ന് ചോദിച്ചാൽ കുറഞ്ഞത് ഒരു മാസം എന്നായിരിക്കും പ്രതികരണം. എന്നാൽ ഇവിടെ കുറച്ച് മാറ്റമുണ്ട്. സൈക്കിളിൽ എട്ട് ദിവസം കൊണ്ട് 3600 കിലോമീറ്റർ യാത്ര ചെയ്ത 23 കാരനാണ് ഇപ്പോൾ താരമാകുന്നത്. ആദിൽ തേലി എന്ന സൈക്കിളിസ്റ്റാണ് കശ്മീരിൽ നിന്നും കന്യാകുമാരി വരെ എട്ട് ദിവസത്തിൽ യാത്ര ചെയ്ത റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്.

ഗിന്നസ്സ് റെക്കോർഡ് തകർക്കണമെന്ന ആഗ്രഹത്തോടെയാണ് ആദിൽ യാത്രയാരംഭിച്ചത്. ശ്രീനഗറിൽ നിന്നും തുടങ്ങിയ യാത്ര അവസാനിപ്പിച്ചത് കന്യാകുമാരിയിലും. എട്ട് ദിവസം ഒരു മണിക്കൂർ 37 മിനിറ്റിലാണ് ആദിൽ 3600 കിലോമീറ്റർ താണ്ടി കന്യാകുമാരിയിലെത്തിയത്.

ലോക റെക്കോർഡ് സൃഷ്ടിക്കണമെന്ന അതിയായ ആഗ്രഹത്തോടെ ആദിൽ അമൃത്സറിൽ പരിശീലനം നടത്തിയിരുന്നു. അഞ്ച് മാസത്തെ കഠിന പരിശീലനത്തിന് ശേഷം കഴിഞ്ഞ ഡിസംബറിൽ ഇതിനായി അപേക്ഷിക്കുകയും ചെയ്തു. മാർച്ചിലാണ് ആദിലിന് പങ്കെടുക്കാൻ അനുമതി നൽകിയത്.

തുടർന്ന് മാർച്ച് 22 ന് ശ്രീനഗറിലെ ഗാന്റഗറിൽ നിന്ന് ആദിൽ യാത്രയാരംഭിച്ചത്. കശ്മീർ ഡിവിഷണൽ കമ്മീഷണറാണ് പര്യടനം ഫ്‌ലാഗ് ഓഫ് ചെയ്തത്. ആദിലിന്റെ കൂടെ ഫിസിയോതെറാപ്പിസ്റ്റ്, ഡോക്ടർ, ക്യാമറ ക്രൂ ഉൾപ്പെടെ എട്ടംഗ സംഘവും യാത്ര ചെയ്തിരുന്നു. സൈക്കിളിസ്റ്റിൻറെ  പര്യടനം ക്യാമറയിൽ പകർത്തുകയും ചെയ്തിരുന്നു. മാർച്ച് 30 ന് രാവിലെയോടെയാണ് ആദിൽ കന്യാകുമാരിയിലെത്തിയത്.

ഇതോടെ പതിനേഴുകാരനായ ഓം മഹാജനിന്റെ റെക്കോർഡും ആദിൽ തകർത്തു. എട്ട് ദിവസം ഏഴ് മണിക്കൂർ 38 മിനിറ്റിലാണ് നാസിക് സ്വദേശിയായ ഓം ലോക റെക്കോർഡ് സൃഷ്ടിച്ചത്.

എന്നാൽ ഓം മഹാജനിന്റെ പരിശീലനമാണ് തന്നെ റെക്കോർഡ് നേടാൻ സഹായിച്ചതെന്ന് ആദിൽ പറയുന്നു. ഓം എങ്ങനെയാണ് സൈക്കിളിൽ യാത്ര ചെയ്തതെന്നും എങ്ങനെയാണ് വിശ്രമിച്ചതെന്നും താൻ മനസിലാക്കിയിരുന്നു. അത് യാത്രയിൽ വളരെയധികം സഹായകമായി. എന്നാൽ രാജ്യത്തെ താപനില ഒരു വെല്ലുവിളി തന്നെയായിരുന്നു. കുറഞ്ഞ താപനിലയിൽ ജീവിച്ച് ശീലിച്ച താൻ 40 ഡിഗ്രിയിലാണ് വിവിധ സംസ്ഥാനങ്ങളിലൂടെ സൈക്കിൾ ഓടിച്ചതെന്ന് ആദിൽ പറഞ്ഞു.

എല്ലാ തെളിവുകളും അന്താരാഷ്ട്ര അസോസിയേഷന് സമർപ്പിക്കുന്ന പ്രക്രിയയിലാണെന്നും അതിന് ശേഷം മാത്രമെ റെക്കോഡിന്റെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുവെന്നും  ആദിൽ അറിയിച്ചു. മനസ്സും ഹൃദയവും ഒരു കാര്യത്തിനായി സമർപ്പിച്ചാൽ ഈ ലോകത്ത് ഒന്നും അസാധ്യമല്ലെന്നാണ് താരം പറയുന്നത്.