കൊച്ചി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ വിവിധ ഹർജികൾ തീർപ്പാക്കി ഹൈക്കോടതി. തെരഞ്ഞെടുപ്പ് ദിവസം കേരള തമിഴ്‌നാട് അതിർത്തികൾ അടയ്ക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. ഇഎം അഗസ്തി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. രണ്ട് സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാർ ഇത് സംബന്ധിച്ച് തീരുമാനം എടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ് ദിവസം അതിർത്തികൾ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. തമിഴ്‌നാട് അതിർത്തി മണ്ഡലങ്ങളായ ദേവികുളം, പീരുമേട്, ഉടുമ്പൻചോല എന്നീ മണ്ഡലങ്ങളിൽ തമിഴ്‌നാട് നിന്ന് വോട്ടർമാർ എത്തി വോട്ട് രേഖപ്പെടുത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ചയും തലേന്നും അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ കർശന നിയന്ത്രണങ്ങൾ ഉണ്ടാകും. സിസിടിവി സ്ഥാപിക്കും. മതിയായ കാരണങ്ങളില്ലാതെ ആരേയും അതിർത്തി കടത്തി വിടില്ല. പോളിംഗ് ദിവസം അതിർത്തി ചെക്ക് പോസ്റ്റുകൾ അടയ്ക്കും.

ഇതിന് പുറമെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് ഹർജിയും ഹൈക്കോടതി തീർപ്പാക്കി. അരൂർ മണ്ഡലലത്തിലെ ഇരട്ട വോട്ട് ആരോപണം ഉയർന്ന ബൂത്തുകളിൽ വെബ്കാസ്റ്റിങ് പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചു. ഷാനിമോൾ ഉസ്മാന്റെ ഹർജിയിലാണ് നടപടി.

സ്വന്തം ചെലവിൽ വെബ് കാസ്റ്റിങ് നടത്താമെന്ന് ഷാനി മോൾ ഉസ്മാൻ ഹർജിയിൽ അറിയിച്ചു. എന്നാൽ ഇത് അനുവദിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി. മണ്ഡലത്തിലെ 39 ബൂത്തുകളിൽ ആറായിരത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന് ഷാനി മോൾ ഉസ്മാൻ അറിയിച്ചു. ഇരട്ട വോട്ട് തടയുന്നതുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാമനാർത്ഥികൾ നൽകിയ ഹർജിയും ഹെക്കോടതി തീർപ്പാക്കി.