തിരുവനന്തപുരം : ഇരട്ട വോട്ട് തടയാൻ പുതിയ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി ഇരട്ട വോട്ടിന് ശ്രമിച്ചാൽ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കും. ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പിലാണ് കേസെടുക്കുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നിർദ്ദേശങ്ങൾ പുറത്തിറക്കിയത്.

ഇരട്ട വോട്ട് പട്ടിക എല്ലാ പ്രസൈഡിംഗ് ഓഫീസർമാർക്കും കൈമാറും. ഇതിൽ പേരുള്ളവർ ബൂത്തിൽ വോട്ടിന് മുൻപ് സത്യവാങ്മൂലം നൽകണം. ഇവരുടെ വിരലടയാളവും ഫോട്ടോയും എടുക്കും. കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമേ എല്ലാ വോട്ടർമാരെയും പോളിങ് ബൂത്തിനു പുറത്തേക്ക് പോകാൻ അനുവദിക്കു എന്നും കമ്മീഷൻ വ്യക്തമാക്കി.

സംസ്ഥാനത്തെ ഇരട്ടവോട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇതിന്റെ പട്ടിക രാഷ്ട്രീയ പാർട്ടികൾക്കും പ്രിസൈഡിംഗ് ഓഫീസർമാർക്കും നൽകണമെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. 38586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് നിഷേധിച്ച പ്രതിപക്ഷം നാല് ലക്ഷത്തി മുപ്പത്തിനാലായിരം ഇരട്ട വോട്ടുകളുടെ പട്ടിക വെബ്‌സൈറ്റിലൂടെ പുറത്തുവിടുകയായിരുന്നു.