ഇടുക്കി: ജില്ലയില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആരംഭിച്ച സൈബര്‍ പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിച്ചു. കഴിഞ്ഞ ആറര പതിറ്റാണ്ടിനിടെ പോലീസ് സേനക്കുണ്ടായത് സമാനതകളില്ലാത്ത വളര്‍ച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റാന്വേഷണ മികവിന്റെ കാര്യത്തിലും സാങ്കേതിക വിദ്യയുടെ കാര്യത്തിലും സാമൂഹിക ഉത്തരവാദിത്വത്തോടെ പെരുമാറുന്ന കാര്യത്തിലും കേരളാ പോലീസ് ഇന്ന് ഏറെ മുന്നിലാണ്.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരള പോലീസ് മികച്ച മാതൃകയാണ് കാഴ്ച്ച വക്കുന്നത്. നാട്ടുകാരുടെ സുരക്ഷയും സമൂഹത്തിന്റെ നന്‍മയും മാത്രമാണ് പോലീസിന്റെ ലക്ഷ്യം. ബ്രിട്ടീഷുകാരുടെ കാലത്ത് പോലീസ് ഒരു മര്‍ദ്ദന ഉപകരണമായിരുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ കഴിഞ്ഞ 64 വര്‍ഷം കൊണ്ട് പോലീസിന്റെ പെരുമാറ്റത്തിലും സമീപനത്തിലും പ്രവര്‍ത്തനത്തിലും കാതലായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കേരള പോലീസിന്റെ അന്വേഷണ മികവിനെ കടത്തിവെട്ടാന്‍ ഇന്ത്യയിലെ മറ്റ് ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നത് ഒരു വസ്തുതയാണ്.

കേരളത്തിലെ പോലീസ് തന്നെയാണ് രാജ്യത്ത് ഏറ്റവും ഉയര്‍ന്ന അന്വേഷണ മികവ് തെളിയിച്ചിട്ടുള്ളത്. നീതി ബോധം, മനുഷ്യാവകാശ സംരക്ഷണം, സേനാതല്‍പ്പരത, ശാസ്ത്രീയ അന്വേഷണ രീതി, മുന്‍വിധിയില്ലാതെയുള്ള അന്വേഷണം എന്നിവയിലൂടെയാണ് കേരളാ പോലീസ് രാജ്യത്ത് തന്നെ ശ്രദ്ധാ കേന്ദ്രമാകുന്നത്. നമ്മുടെ സമൂഹത്തെ ഏറെ കലുഷമാക്കിയ ഒന്നാണ് കോവിഡ് മഹാമാരിയുടെ വ്യാപനം. പകര്‍ച്ചവ്യാധി പ്രതിരോധിക്കുന്നതിന് യാതൊരു പരിശീലനവും ലഭിക്കാതിരുന്നിട്ടും ഈ മഹാമാരിക്കെതിരെ ആരോഗ്യ പ്രവര്‍ത്തകരോട് ചേര്‍ന്ന് പടപൊരുതിയവരാണ് കേരള പോലീസ്.

സേനാംഗങ്ങളില്‍ ദീര്‍ഘകാലമായി സര്‍വീസില്‍ ഇരിക്കുന്നവര്‍ മുതല്‍ ട്രെയിനികളായിട്ടുള്ളവര്‍ വരെ മഹാമാരിക്കെതിരെ ഒരേ മനസോടെ പങ്കാളികളായി. നേരിട്ടുള്ള ഇടപെടലുകള്‍ക്ക് പുറമേ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയും കോവിഡ് പ്രതിരോധ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. കേരളാ പോലീസിന്റെ യശ്ശസ് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ വരെയെത്തിക്കാന്‍ ഇത് സഹായകമായി. ജനമൈത്രിയെന്ന പേര് അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഈ മഹാമാരിയുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ നടത്തിയത്.

കഴിഞ്ഞ നാലര വര്‍ഷം കൊണ്ടു പോലീസ് സേനയില്‍ അടിസ്ഥാനപരമായ നിരവധി മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചതും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ ചുമതല ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയതും ഇതിന്റെ ഭാഗമാണ്. പോലീസിന്റെ പുനസംഘടനയെക്കുറിച്ച്‌ പഠിക്കാന്‍ നിയോഗിക്കപ്പെട്ട എം.സി.ചാറ്റര്‍ജി അദ്ധ്യക്ഷനായ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ പല ഘട്ടങ്ങളിലായി നടപ്പാക്കിയിട്ടുണ്ട്.

അഭ്യസ്തവിദ്യരായ ഒട്ടേറെ യുവതീ യുവാക്കള്‍ക്ക് ഇപ്പോള്‍ പോലീസ് സേനയിലെക്കു കടന്നു വരാനാകുന്നുണ്ട്. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഈ വിഭാഗത്തില്‍പ്പെട്ട നിരവധി ചെറുപ്പക്കാരാണ് സേനയുടെ ഭാഗമായത്. ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നതില്‍ മുനപന്തിയില്‍ നില്‍ക്കുന്ന കേരള പോലീസിലേക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ കൂടുതല്‍ കടന്ന് വരുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. ഇവരുടെ സാങ്കേതിക മികവും കഴിവും സേനക്കായി വിനിയോഗിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്ടതായുണ്ട്. ജാതിമത ചിന്തകള്‍ക്കതീതമായി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടു പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി സേനാംഗങ്ങളെ ഓര്‍മ്മിപ്പിച്ചു.

വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷനായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ സൈബര്‍ പോലീസ് സ്റ്റേഷന് പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ മന്ത്രി എം എം മണി പറഞ്ഞു. സംസ്ഥാനത്ത് പുതുതായി ആരംഭിച്ച 14 സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ക്കൊപ്പമാണ് ഇടുക്കി പോലീസ് സ്റ്റേഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഒരു സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള ടീമാണ് സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നത്.
സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ആര്‍ സ്വാഗതം പറഞ്ഞു.

ഉദ്ഘാടന ചടങ്ങിനു ശേഷം മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ ജില്ലാ പോലീസ് മേധാവി വിതരണം ചെയ്തു.

സുരേഷ് ഡി (എ.എസ്.ഐ.),