ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപ് കൊറോണ ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്നു സച്ചിൻ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ലോകകപ്പ് നേടിയതിന്റെ പത്താം വാർഷികം ആഘോഷിക്കുന്ന വേളയിൽ എല്ലാ ഇന്ത്യക്കാർക്കും സഹതാരങ്ങൾക്കും ആശംസ അറിയിക്കുന്നതായും താരം പറഞ്ഞു.

സച്ചിന്റെ വാക്കുകൾ ഇങ്ങനെ ‘പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. എല്ലാവരും സുരക്ഷിതരായിരിക്കൂ. ലോകകപ്പിന്റെ പത്താം വാർഷിക ദിനത്തിൽ എല്ലാ ഇന്ത്യക്കാർക്കും സഹതാരങ്ങൾക്കും ആശംസകൾ നേരുന്നു’.

മാർച്ച് 27നാണ് സച്ചിന് കൊറോണ സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണെന്നുമാണ് സച്ചിൻ അന്ന് അറിയിച്ചത്. റോഡ് സേഫ്റ്റി ലോക സീരിസ് കിരീട നേട്ടത്തിന് പിന്നാലെയാണ് സച്ചിന് കൊറോണ സ്ഥിരീകരിച്ചത്. സച്ചിനെ കൂടാതെ ഇന്ത്യൻ ലെജൻഡ്‌സിലെ സഹതാരങ്ങളായ യൂസഫ് പഠാൻ, ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ളവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.