കോന്നി: ശബരിമല വിഷയത്തിൽ പിണറായി സർക്കാർ എടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ സംസ്‌കാരത്തെ എൽഡിഎഫ് ആക്ഷേപിച്ചുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. കേരളത്തിലെ പുണ്യ കേന്ദ്രങ്ങൾ തകർക്കാൻ ഇടതുപക്ഷം ഏജന്റുമാരെ ഉപയോഗിച്ചു. അയ്യപ്പ ഭക്തരെ ലാത്തി ഉപയോഗിച്ച് അടിച്ച സർക്കാരാണ്. വിശ്വാസികളോട് ചെയ്ത ക്രൂരത ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോന്നിയിൽ കെ. സുരേന്ദ്രന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യപ്പ ഭക്തർക്ക് പൂക്കൾക്ക് പകരം സർക്കാർ നൽകിയത് ലാത്തിയടിയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭക്തരുടെ സമർപ്പണവും ഭക്തിയുമാണ് ഈ നാടിനെ പവിത്രമാക്കുന്നത്. ഭക്തർ കുറ്റവാളികളല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇറക്കുമതി ചെയ്ത പ്രത്യയ ശാസ്ത്രത്തിന്റെ പേരിൽ നാടിന്റെ സംസ്‌കാരത്തെ തകർക്കാനാകില്ല. സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ഇടതു ശ്രമത്തെ ബിജെപി പ്രവർത്തകർ ചെറുത്ത് തോൽപ്പിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൈകൾ മുകളിലേക്ക് ഉയർത്തി സ്വാമിയേ ശരണമയ്യപ്പ എന്ന് ശരണം വിളിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗത്തിന് തുടക്കമിട്ടത്. സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുഃഖവെള്ളിയാഴ്ച ദിനത്തിൽ യേശുവിന്റെ അനുഭവങ്ങളും പ്രസംഗത്തിൽ സ്മരിച്ചു. പത്തനംതിട്ടയിലെ പ്രധാന ക്ഷേത്രങ്ങളുടെ പേര് എടുത്ത് പറഞ്ഞ മോദി കവി പന്തളം കേരള വർമ്മയേയും അനുസ്മരിച്ചു.