പ്രഭാത സവാരിക്കിടയിലാണ് വ്യത്യസ്തവും അതിലുപരി അത്ഭുതകരവുമായ ഒരു ദൃശ്യം ആ വനിതയുടെ കണ്ണില്‍ പെട്ടത്. എന്താണെന്നറിയാന്‍ അവര്‍ ഒന്നു കൂടെ നോക്കി അപ്പോഴാണ് സംഭവം മനസ്സിലായത്, നടപ്പാതയില്‍ നിറയെ കെട്ടുപിണഞ്ഞു കിടക്കുന്ന ആയിരക്കണക്കിന് കൂറ്റന്‍ മണ്ണിരകള്‍. ന്യൂജഴ്‌സിയിലെ ഹോബോക്കിനിലാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു കാഴ്ച . മഴ പെയ്തു കഴിഞ്ഞാല്‍ സാധാരണയായി മണ്ണിരകള്‍ കൂട്ടംകൂട്ടമായി മണ്ണില്‍ കിടക്കുന്നത് സാധാരണമാണ്. എന്നാല്‍ ഈ കാഴ്ച അവയില്‍ നിന്നും ഏറെ വ്യത്യസ്തമാണ് മണ്ണിരകള്‍ എല്ലാം തന്നെ കെട്ടുപിണഞ്ഞാണ് കിടക്കുന്നത്.

കാഴ്ചയില്‍ മധ്യത്തില്‍ ഒരു വൃത്തം പോലെ കേന്ദ്രീകരിച്ച് പിന്നീട് പുറത്തോട്ട് വ്യാപിച്ചു കിടക്കുന്ന രീതിയില്‍ ഒരു ചുഴലിക്കാറ്റിന്റെ ആകൃതിയില്‍ ആയിരുന്നു അവ കിടന്നിരുന്നത്. ഈ രീതിയാണ് ഇത് ശ്രദ്ധയില്‍ പെട്ടതാണ് ആ വനിത ആശ്ചര്യപ്പെടാന്‍ കാരണമായത്. വ്യത്യസ്തമായ ഈ കാഴ്ച കണ്ട ഉടന്‍ തന്നെ അവര്‍ വിരകളുടെ ചിത്രങ്ങളെടുക്കുകയും ഉടനെ തന്നെ ഹോബാക്കന്‍ സിറ്റി കൗണ്‍സില്‍ അംഗമായ ടിഫ്‌നി ഫിഷറിന് അയച്ചുകൊടുക്കുകയും ചെയ്തു.  അവർ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഈ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ചു.

ഇതോടെ ഈ മണ്ണിരച്ചുഴലി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയും ചെയ്തു. ന്യൂജഴ്‌സിയില്‍ കുറച്ചു ദിവസങ്ങള്‍ക്കു മുന്നേ മഴ പെയ്തിരുന്നു.  വെള്ളം കെട്ടി നില്‍ക്കുമ്പോള്‍ അതില്‍ കിടന്ന് ചാകാതിരിക്കാനാണ് മണ്ണിരകള്‍ ഭൗമോപരിതലത്തില്‍ എത്തുന്നത്. പൊതുവേ തനിച്ചു താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എങ്കിലും ഒരു അപകടം വരുമ്പോള്‍ മണ്ണിര കൂട്ടം ചേരും. ഇതാണ് ഇത്തരത്തിലൊരു പ്രതിഭാസത്തിനു കാരണം എന്നാണ് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റുള്ള ജീവികളിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയും മണ്ണിരകള്‍ ഇത്തരത്തിലുള്ള ആകൃതികള്‍ സ്വീകരിക്കും.