ഇസ്ലമാബാദ്: കടുത്ത വാണിജ്യ സാമ്പത്തിക ബാദ്ധ്യതകളിൽ നിന്നും കരകയറാനുള്ള ഇമ്രാൻഖാന്റെ ശ്രമത്തിന് തിരിച്ചടി. ഇന്ത്യയുമായി വ്യാപാര കരാർ പുന:സ്ഥാപിക്കാൻ ഇമ്രാൻഖാൻ നടത്തിയ ശ്രമത്തെ പാകിസ്താൻ ക്യാബിനറ്റ് ഐകകണ്‌ഠ്യേന എതിർത്തു. ഇന്ത്യയിൽ നിന്നും പഞ്ചസാരയും പരുത്തിയും ഇറക്കുമതി ചെയ്യാനാണ് പാകിസ്താൻ തീരുമാനിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിനും വാണിജ്യകാര്യമന്ത്രാലയത്തിനും ഇത് സംബന്ധിച്ച സൂചനകൾ ലഭിച്ചിരുന്നു. ഔദ്യോഗികമായി തീരുമാനം വന്നാലുടൻ മറുപടി നൽകുമെന്നാണ് ഇന്ത്യ തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പാകിസ്താൻ ക്യാബിനറ്റ് മലക്കംമറിഞ്ഞത്.

ഇമ്രാൻഖാൻ നേരിട്ട് കൈകാര്യം ചെയ്യുന്ന വാണിജ്യ, വസ്ത്രവ്യാപാര മന്ത്രാലയമാണ് ഇന്ത്യയുമായുള്ള കരാർ പുന:സ്ഥാപിക്കാൻ തീരുമാനിച്ചത്. പുതുതായി ചുമതലയേറ്റ ധനകാര്യമന്ത്രി ഹമ്മദ് അസരും ഇമ്രാൻ ഖാന്റെ തീരുമാനം അംഗീകരിച്ചിരുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പഞ്ചസാര ലഭിക്കുന്നത് ഇന്ത്യയിലാണെന്നതാണ് പാകിസ്താനെ വ്യാപാര കരാറിന് നിർബന്ധിതരാക്കിയത്. പാകിസ്താന്റെ മനുഷ്യാവകാശ വിഭാഗം ചുമതലയുള്ള മന്ത്രി ഷിറീൻ മസ്‌റിയടക്കമുള്ളവരടങ്ങുന്ന ക്യാബിനറ്റിലെ ഭൂരിപക്ഷം പേരും ഇമ്രാൻഖാന്റെ നയത്തെ എതിർത്തിരിക്കുകയാണ്.

മുൻപ് ഇന്ത്യയുമായി കശ്മീർ വിഷയത്തിലെ തർക്കം നിലനിൽക്കുന്നിടത്തോളം സഹകരിക്കാനാവില്ലെന്നാണ് ഇമ്രാൻഖാൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. ഇതിനിടെ കൊറോണ ബാധ, സാമ്പത്തിക പരാധീനത, അന്താരാഷ്ട്ര സാമ്പത്തിക നിയന്ത്രണം എന്നിവ മൂലം കടക്കെണിയിലായ പാകിസ്താൻ അവസാനപിടിവള്ളി എന്ന നിലയിലാണ് ഇന്ത്യയുമായി വ്യാപാര കരാറിനായി ശ്രമിച്ചത്. 2019 ആഗസ്റ്റ് 5 ന് ജമ്മുകശ്മീരിലെ 370-ാം വകുപ്പ് ഇന്ത്യ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് പത്താം തീയതി പാകിസ്താൻ ഇന്ത്യയുമായുള്ള എല്ലാ വ്യാപാര കരാറുകളും റദ്ദാക്കുകയായിരുന്നു.