പാലക്കാട്: ഗ്യാസ് ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ച്  ഒരാൾ മരിച്ചു. മണ്ണാർകാട് തച്ചമ്പാറയിലാണ് അപകടം നടന്നത്. ചരക്ക് ലോറി ഡ്രൈവറാണ് മരണപ്പെട്ടത്. മംഗലാപുരത്ത് നിന്നും വരികയായിരുന്ന ടാങ്കർ ലോറിയാണ് ചരക്കുലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ചരക്ക് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി തീപടരുകയായിരുന്നു. ചരക്കുലോറി പൂർണ്ണമായും കത്തിനശിച്ചു.

ഗ്യാസ് ടാങ്കർ ലോറിയിൽ തീപിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി . ടാങ്കറിലെ ഗ്യാസ് ചോരാതിരിക്കാൻ നടപടി സ്വീകരിച്ചതായും അഗ്നിശമന സേന അറിയിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കോങ്ങാട് വഴി കറങ്ങി പോകേണ്ടതാണെന്നും എന്നും പോലീസ് അറിയിച്ചു