ചെന്നൈ: ബി.ജെ.പി വാഗ്ദാനത്തെ സ്വാഗതം ചെയ്ത് വിശ്വഹിന്ദുപരിഷത്ത്. അധികാരത്തിലെത്തിയാൽ തമിഴ്‌നാട്ടിലെ ഹൈന്ദവ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്നും മുക്തമാക്കുമെന്ന വാഗ്ദാനത്തിനെയാണ് വിശ്വഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തത്. വിശ്വഹിന്ദു പരിഷത് കേന്ദ്ര സെക്രട്ടറി ജനറൽ മിലിന്ദ് പരാന്ദെയാണ് ബി.ജെ.പി നയം സ്വാഗതം ചെയ്തത്.

ക്ഷേത്രങ്ങൾ വിശ്വാസികളുടെ കൂട്ടായ്മയിലൂടെ നടക്കേണ്ട ഒന്നാണ്. എന്നാൽ കാലങ്ങളായി മാറിമാറി വരുന്ന സർക്കാറുകൾ പല സംസ്ഥാനങ്ങളിലും ക്ഷേത്രഭരണത്തെ കൈവശപ്പെടുത്തി വച്ചിരിക്കുകയാണെന്നും മിലിന്ദ് പരാന്ദെ ആരോപിച്ചു. ഹിന്ദുസമൂഹത്തിന്റെ ഉന്നമനത്തിന് സർക്കാറുകൾ ഒന്നും ചെയ്യാറില്ല. പ്രശസ്തമായ ക്ഷേത്രങ്ങളുള്ളിടത്ത് പോലും മതംമാറ്റം വ്യാപകമാകുന്നുവെന്നത് ആശങ്കയാണെന്ന് മിലിന്ദ് പരാന്ദെ പറഞ്ഞു. ക്ഷേത്രങ്ങൾ വ്യാപകമായി ആക്രമിക്ക പ്പെടുന്നു. പ്രധാന ക്ഷേത്രങ്ങളുടെ സ്വത്ത് കവരുന്നു. ക്ഷേത്രസമ്പത്ത് വകമാറ്റി ചിലവഴിക്കുന്നു.തുടങ്ങി നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യമാണെന്നും മിലിന്ദ് പരാണ്ഡെ പറഞ്ഞു.

ഇന്ത്യ മാറ്റത്തിന്റെ പാതയിലാണ്. എല്ലാ മതങ്ങൾക്കും അവരുടേതായ വിശ്വാസ പ്രമാണങ്ങളെ ആചരിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതേസമയം ഹിന്ദുസമൂഹം കാലങ്ങളായി അനുഭവിക്കുന്ന അവഗണന ഇല്ലാതാകണം. അതിന് ആദ്യ ഘട്ടം ഹൈന്ദവ ക്ഷേത്രങ്ങൾ സർക്കാർ സംവിധാനത്തിൽ നിന്ന് സ്വതന്ത്രമാവുക എന്നതാണ് ഏക പ്രതിവിധി. അതിന് ബി.ജെ.പി നൽകുന്ന പിന്തുണയ്ക്ക് ഹിന്ദു സമൂഹം ശക്തി പകരണമെന്നും മിലിന്ദ് പരാന്ദെ വ്യക്തമാക്കി.