ധാക്ക: ബംഗ്ലാദേശിലെ വികസനത്തിൽ വിറളിപൂണ്ട് ഭീകരസംഘടനകൾ. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വാണിജ്യവ്യാപാര സഹായങ്ങൾ ബംഗ്ലാദേശിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ഇസ്ലാമിക ഭീകരസംഘടനകളെ വിറളിപിടിപ്പിക്കുന്നത്. ഷെയ്ഖ് ഹസീനാ വിരുദ്ധ വിഭാഗങ്ങളാണ് വ്യാപക പ്രചാരണം ഇന്ത്യക്കെതിരെ നടത്തുന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രയോടനുബന്ധിച്ച് നടന്ന അക്രമങ്ങൾ ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. ബംഗ്ലാദേശ് ഇസ്ലാമിക ഭീകരസംഘടനയായ ഹഫേസാത്-ഇ-ഇസ്ലാമെന്ന സംഘടനയാണ് അക്രമത്തിന് ചുക്കാൻ പിടിച്ചത്. ജുനൈദ് ബാബു നാഗരിയെന്ന നേതാവിന്റെ ആഹ്വാനപ്രകാരമാണ് അക്രമം നടന്നതെന്നാണ് റിപ്പോർട്ട്. 13 പേരാണ് കഴിഞ്ഞ ദിവസം നടന്ന അക്രമത്തിലും പോലീസ് വെടിവെയ്പ്പിലും കൊല്ലപ്പെട്ടത്.

ഷെയ്ഖ് ഹസീനയുടെ ഭരണനയങ്ങൾക്കെതിരെ അതിതീവ്ര വിഭാഗങ്ങൾ എതിർപ്പിലാണ്. നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഇവരുടെ പ്രതിഷേധം അക്രമാസക്തമാക്കുകയായിരുന്നു. ഹദീസുകളുടെ പ്രസംഗങ്ങളിലൂടെ പ്രസിദ്ധനായ ജുനൈദ് കഴിഞ്ഞ നവംബർ മുതലാണ് ഷേഖ് ഹസീനയ്‌ക്കെതിരായ നീക്കം ആരംഭിച്ചത്. പാകിസ്താനിലെ ജാമിയ ഉലും ഇസ്ലാമിയ മതപഠന കേന്ദ്രത്തിൽ നിന്നാണ് ജുനൈദ് മതവിദ്യാഭ്യാസം നേടിയത്.