വാഷിംഗ്ടൺ : മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ശ്രമം നടത്തിയ മുൻ അമേരിക്കൻ പ്രസിഡന്റിനെ വീണ്ടും വിലക്കി ഫേസ്ബുക്ക്. സ്വന്തം അക്കൗണ്ട് വിലക്കിയതിന് പിന്നാലെയാണ് മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ട്രംപ് ശ്രമിച്ചത്. എന്നാൽ ഇപ്പോൾ ഇതും കമ്പനി വിലക്കിയിരിക്കുകയാണ്. ട്രംപിന്റെ മകന്റെ ഭാര്യ ലാറയാണ് സ്വന്തം അക്കൗണ്ടിൽ ട്രംപുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്.

വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് അത് നീക്കുകയായിരുന്നു. തുടർന്ന് ലാറയ്ക്ക് മുന്നറിയിപ്പോടുകൂടിയ ഒരു ഇ-മെയിലും ലഭിച്ചു. വീഡിയോയിൽ ട്രംപിന്റെ ശബ്ദം വ്യക്തമാണെന്നും അതിനാൽ വീഡിയോ നീക്കം ചെയ്യുകയാണെന്നും ആയിരുന്നു സന്ദേശം. ഇനി ഇത്തരത്തിൽ പ്രവർത്തിക്കരുതെന്നും ഫേസ്ബുക്ക് സന്ദേശത്തിൽ വ്യക്തമാക്കി.

അമേരിക്കയിൽ നടന്ന ക്യാപിറ്റോൾ ഹിൽ കലാപത്തിന് പിന്നാലെയാണ് ട്രംപിന്റെ അക്കൗണ്ട് നീക്കം ചെയ്തത്. രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചതിന് ട്വിറ്റർ ആണ് അക്കൗണ്ട് നിരോധിച്ചത്. തുടർന്ന് ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഷോപിഫൈ എന്നീ പ്ലാറ്റ്‌ഫോമുകളും ട്രംപിന്റെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്ക് നീക്കാൻ കമ്പനി തീരുമാനിച്ചിട്ടില്ലെന്നാണ് ഫേസ്ബുക്ക് സിഒഒ ഷെറിൽ സാൻബർഗ് പ്രഖ്യാപിച്ചത്. അതേസമയം സമൂഹമാദ്ധ്യമങ്ങൾ വിലക്കേർപ്പെടുത്തിയതിന് പിന്നാലെ പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കാനാണ് ട്രംപിന്റെ തീരുമാനം.