ന്യൂഡൽഹി : രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിക്കുന്നതിന് കാരണക്കാരിലേറെയും ചെറുപ്പക്കാരാണെന്ന് എയിംസ് ഡയറക്ടർ രൺദീപ് ഗുലേരിയ. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ യുവാക്കൾ എല്ലാവരുമായി ഇടപഴകുന്നത് കൊണ്ടാണ് രാജ്യത്ത് കൊറോണ വ്യാപനം വർദ്ധിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ഭൂരിപക്ഷം രോഗവ്യാപനവും നടക്കുന്നത് യുവാക്കളിലൂടെയാണ്. കൊറോണയെ അവർ ഭയക്കുന്നില്ല. കൊറോണ ബാധിച്ചാലും ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങൾ മാത്രമേ ഉണ്ടാകൂ എന്നാണ് അവർ വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ മാനദണ്ഡങ്ങൾ ഒന്നും തന്നെ പാലിക്കാതെയാണ് യുവാക്കൾ ഇടപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചെറുപ്പക്കാരുടെ അശ്രദ്ധമൂലം അവരിൽ നിന്നും പ്രായമായവർക്ക് കൊറോണ ബാധിക്കാനുള്ള സാധ്യതയും വർദ്ധിച്ചിരിക്കുകയാണ്. അതിനാൽ പ്രായമായവർക്ക് നിർബന്ധമായും വാക്‌സിൻ കുത്തിവെപ്പ് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ കൊറോണ വ്യാപനം വിലയിരുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. തുടർന്ന് കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകി.