കൊൽക്കത്ത : ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ പ്രധാനന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ മമത ബാനർജിയുടെ ടീ ഷർട്ടാണ് താരമായത്. എന്തിനാണ് ദീദി ദേഷ്യപ്പെടുന്നത് എന്ന് അർത്ഥം വരുന്ന രാഗ് ഖേനോ ദീദി എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് മിക്കവരും റാലിയ്‌ക്കെത്തിയത്. പെൺകുട്ടികൾ അടക്കമുളളവരും ഇതിൽ ഉൾപ്പെട്ടിരുന്നു.

അടുത്തിടെയായി മമത അനാവശ്യമായി ദേഷ്യപ്പെടുന്നതിനാൽ എന്തിനാണ് ദീദീ ദേഷ്യപ്പെടുന്നത് എന്നാണ് നരേന്ദ്ര മോദി പരിഹസിച്ചുകൊണ്ട് ചോദിക്കാറുള്ളത്. ഇത് ബംഗാളിലെ ജനങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. ദീദീയെ പരിഹസിച്ചുകൊണ്ട് ഇത്തരം ടീ ഷർട്ടുകളണിഞ്ഞ് പുറത്തിറങ്ങുന്നത് ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്.

ബംഗാൾ സമീപകാലത്ത് കണ്ട വാശിയേറിയ പ്രചാരണമാണ് ഇക്കുറി നടക്കുന്നത്. മമതയുടെ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപിക്കെതിരേ പ്രചാരണ വേദികളിൽ രോഷാകുലയായിട്ടാണ് മമത സംസാരിക്കുന്നത്. ബംഗാൾ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുളള ബിജെപി നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടി പറയുമ്പോഴാണ് മമതയുടെ രോഷപ്രകടനം അധികവും സംഭവിക്കുന്നത്.

നേരത്തെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 -ാം ജൻമവാർഷിക ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ സദസിൽ നിന്ന് ജയ് ശ്രീറാം വിളി ഉയർന്നെന്ന് ചൂണ്ടിക്കാട്ടി മമത രോഷാകുലയായി പ്രസംഗിക്കാൻ വിസമ്മതിച്ചിരുന്നു. ഇതുൾപ്പെടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മമതയുടെ രോഷപ്രകടനത്തെ ബിജെപി നേതാക്കൾ പരസ്യമായി വിമർശിച്ച് തുടങ്ങിയത്.